
ഒമാൻ: റൺസിനായുള്ള ഓട്ടത്തിനിടെ ബൗളറുമായി കൂട്ടിയിടിച്ചു വീണ ബാറ്ററെ റണ്ണൗട്ടാക്കാതെ ക്രിക്കറ്റിന്റെ മാന്യത വാനോളമുയർത്തിയ നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ഖിന് കൈയടിച്ച് കായിക ലോകം. ഒമാനിൽ നടക്കുന്ന അസോസിയേറ്റ് രാജ്യങ്ങളുടെ ചതുർരാഷ്ട്ര ട്വന്റി-20 പരമ്പരയിൽ അയർലൻഡിന്റെ ആൻഡി മക്ബ്രയിനെ റണ്ണൗട്ടാക്കാതെ ആസിഫ് കാണിച്ച മഹാമനസ്കത സോഷ്യൽ മീഡിയയിൽ മിനിട്ടുകൾക്കുള്ലിൽ വൈറലായി. അയർലൻഡ് ഇന്നിംഗ്സിന്റെ 19-ാമത്തെ ഓവറിലാണ് സംഭവം. നോൺസ്ട്രൈക്കർ എൻഡിൽ നിന്ന് റൺസിനായി ഓടിയ മക്‌ബ്രയിൻ നേപ്പാൾ ബൗളർ കമൽ സിംഗ് അയ്‌രീയുമായി കൂട്ടിയിടിച്ചു വീഴികയായിരുന്നു. എഴുന്നേറ്റ് ഓടിയ മക്ബ്രയിൻ ക്രീസിൽ എത്തുന്നതിന് വളരെ മുമ്പ് പന്ത് ലഭിച്ചിട്ടും റണ്ണൗട്ടാക്കാതെ മക്‌ബ്രയിൻ ക്രീസിലെത്താൻ ഷെയ്ഖ് കാത്തുനിൽക്കുകയായിരുന്നു. മത്സരത്തിൽ അയർലൻഡ് 16 റൺസിന് ജയിച്ചെങ്കിലും ഹൃദയങ്ങൾ കീഴടക്കിയത് നേപ്പാളായിരുന്നു.