putin

മോസ്കോ: യുക്രെയിൻ പ്രതിസന്ധിയിൽ അമേരിക്കയും നാറ്റോ സഖ്യവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ. പുട്ടിന്റെ പ്രഖ്യാപനം റഷ്യ - യുക്രെയിൻ അതിർത്തിയിൽ നിലനിൽക്കുന്ന യുദ്ധഭീതിക്ക് അയവ് വരുമെന്ന പ്രതീക്ഷയിലാണ് ലോകം. അതിർത്തിയിൽ നിന്ന് ഏതാനും സൈനികരെ പിൻവലിക്കുന്നതായി റഷ്യ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് പുട്ടിൻ അറിയിച്ചത്. ജർമനിയുടെ ചാൻസലർ ഒലാഫ് ഷോൾസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു പുട്ടിൻ.

അമേരിക്കയും സഖ്യകക്ഷികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും ഇവർ യുക്രെയിനിനും മുൻ സോവിയറ്റ് രാഷ്ട്രങ്ങൾക്കും നൽകുന്ന സഹായസഹകരണങ്ങളിൽ പുട്ടിൻ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും യുക്രെയിൻ അടക്കമുള്ള മുൻ സോവിയറ്റ് യുണിയൻ രാഷ്ട്രങ്ങളെ നാറ്റോയിൽ നിന്ന് അകറ്റി നിർത്താൻ അമേരിക്ക തയ്യാറാകുന്നില്ലെന്ന് പുട്ടിൻ ആരോപിച്ചു.

അതേസമയം യുദ്ധഭീതി നിലനിൽക്കുന്ന യുക്രെയിനിൽ നിന്ന് എത്രയും പെട്ടെന്ന് മാറണമെന്ന് ഇന്ത്യക്കാരോട് കീവിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. അത്യാവശ്യകാര്യങ്ങൾ ഉള്ളവർ ഒഴിച്ച് വിദ്യാർത്ഥികളടക്കം എത്രയും പെട്ടെന്ന് രാജ്യം വിടണമെന്ന് എംബസി അധികൃതർ മുന്നറിയിപ്പ് നൽകി.

യുക്രെയിൻ അതിർത്തിയിൽ റഷ്യ ഒരു ലക്ഷം സൈനികരെ വിന്യസിച്ചു എന്നാണ് പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയിന് പിന്തുണയുമായി അമേരിക്കയും നാറ്റോയിലെ മറ്റു യൂറോപ്യൻ ശക്തികളും ചേർന്നതോടെയാണ് സംഘർഷം കനത്തത്. റഷ്യൻ അധിനിവേശ പദ്ധതിയുടെ ഭാഗമാണ് ഇപ്പോഴത്തെ സൈനിക വിന്യാസമെന്നാണ് അമേരിക്കയുടെ വെളിപ്പെടുത്തൽ. റഷ്യയുടെ സൈനിക നീക്കങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

യുക്രെയിന് സമീപം വിന്യസിച്ചിരിക്കുന്ന ചില സേനാ വിഭാഗങ്ങൾ അവരുടെ അഭ്യാസങ്ങൾ പൂർത്തിയാക്കി തിരികെ പുറപ്പെടാൻ തയ്യാറെടുക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് റഷ്യൻ വാർത്താ ഏജൻസികളോട് പറഞ്ഞു. അതേസമയം എത്ര യൂണിറ്റുകൾ പിൻവലിച്ചുവെന്ന് വ്യക്തമല്ല. എന്നാൽ എല്ലാ സൈനിക വിഭാഗങ്ങളെയും പിൻവലിക്കണമെന്ന് യുക്രെയിൻ റഷ്യയോട് ആവശ്യപ്പെട്ടു.