
ആലപ്പുഴ : ആലപ്പുഴ സി പി എം ജില്ലാ സമ്മേളനത്തിന്റെ പൊതു ചർച്ചയിൽ മുൻ മന്ത്രി ജി സുധാകരനെതിരെ തിരിഞ്ഞ പ്രതിനിധികളെ തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഏരിയ കമ്മിറ്റികൾ ഒന്നിന് പുറകേ ഒന്നായി ഊഴമിട്ട് മുതിർന്ന നേതാവ് സുധാകരനെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് മുഖ്യമന്ത്രി അച്ചടക്കത്തിന്റെ വാൾ വീശി സുധാകരനെ സംരക്ഷിച്ചത്. ഇത് ജില്ലയിൽ നിർത്തിയതാണ് വീണ്ടും തുടങ്ങിയോ? സംസാരിക്കേണ്ടത് സംസാരിക്കുക ' എന്ന പിണറായിയുടെ വാക്കുകൾക്ക് മുന്നിൽ വിമർശകരുടെ വായടയുകയായിരുന്നു.
പടനിലം സ്‌കൂൾ കോഴ വിഷയം ഉന്നയിച്ചാണ് ചാരുംമൂട് ഏരിയ കമ്മിറ്റി പ്രതിനിധികൾ ചർച്ചയിൽ സംസാരിച്ചു തുടങ്ങിയത്. കോഴ സംഭവത്തിൽ ആരോപണ വിധേയനായ കെ രാഘവനെ, സുധാകരൻ പിന്തുണച്ചെന്നായിരുന്നു ആരോപണം, ഇതിന് പിന്നാലെ അമ്പലപ്പുഴ ഏരിയ കമ്മിറ്റി പ്രതിനിധികൾ വിമർശനം ആരംഭിച്ചു. ഏറെ ചർച്ചയായ തിരഞ്ഞെടുപ്പ് വിഷയമായിരുന്നു അവർ എടുത്തിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എച്ച് സലാമിനെ തോൽപ്പിക്കാൻ സുധാകരൻ ശ്രമിച്ചു എന്നായിരുന്നു വിമർശനം. പിന്നാലെ മാവേലിക്കരയിലെ പ്രതിനിധി സുധാകരനെ അധികാരിമോഹിയായി വിശേഷിപ്പിച്ചു. ഇതോടെയാണ് പിണറായി ചർച്ചയിൽ ഇടപെട്ടത്.
ജില്ലാ സമ്മേളനത്തിൽ പിണറായി സർക്കാരിലെ മന്ത്രിമാരുടെ പ്രവർത്തനം പരാജയമാണെന്നും വിമർശനം ഉയർന്നു. സി പി ഐ മന്ത്രിമാർ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയെ ഇരുത്തിക്കൊണ്ട് ആഭ്യന്തര വകുപ്പിനെ കുറ്റം പറയുവാനും പ്രതിനിധികൾ തയ്യാറായി എന്നതും പ്രത്യേകതയായി. ചില പൊലീസ് ഉദ്യോഗസ്ഥർ ബാദ്ധ്യതയാണെന്നും, ഉദ്യോഗസ്ഥരുടെ പ്രവർത്തികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു എന്നുമായിരുന്നു വിമർശനം.