
സോനിപത്ത്(ഹരിയാന): പഞ്ചാബി നടനും കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചെങ്കോട്ടയിലെ സംഘർഷത്തിലെ പ്രതിയുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ കുണ്ഡ്ലി ജില്ലയിലെ സോനിപത്തിൽ വച്ച് ദീപ് സിദ്ദു സഞ്ചരിച്ചിരുന്ന വാഹനം ഹൈവേയുടെ സമീപത്ത് നിർത്തിയിരുന്ന ട്രോളിയിലേക്ക് ഇടിച്ച്കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദീപ് സിദ്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സുഹൃത്തുക്കളോടൊപ്പം ഡൽഹിയിൽ നിന്നും വരികയായിരുന്നു അദ്ദേഹം. മൃതദേഹം സോണിപതിലെ സർക്കാർ ആശുപത്രിയിൽ.
തലസ്ഥാനത്ത് റിപബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തിനിടെ ചെങ്കോട്ടയിലെത്തിയ സിദ്ദുവും സംഘവും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് സിഖ് പതാക ഉയർത്തി. ചെങ്കോട്ടയിലേക്ക് ആളുകളെ എത്തിച്ചകും പതാക ഉയർത്തിയതും ദീപ് സിദ്ദുവാണെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. ബിജെപി ബന്ധമുളളയാളാണ് ദീപ് സിദ്ദുവെന്ന് കർഷക നേതാക്കളും പറഞ്ഞിരുന്നു. ബിജെപി എം.പിയും നടൻ ധർമേന്ദ്രയുടെ മകനുമായ സണ്ണി ഡിയോളുമായും ദീപ് സിദ്ദുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. സംഘർഷത്തിന് ശേഷം ദീപ് സിദ്ദുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ധർമ്മേന്ദ്ര നിർമ്മിച്ച രംതാ ജോഗി എന്ന ചിത്രത്തിലൂടെ 2015ലാണ് ദീപ് സിദ്ദു ചലച്ചിത്ര രംഗത്തെത്തിയത്. 2019 മുതൽ രാഷ്‌ട്രീയത്തിലും സജീവമാണ് ദീപ്.