
പൂച്ചാക്കൽ : വാഹനം പണയം വച്ചതിനു ശേഷം ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉപയോഗിച്ചു വാഹനം കടത്തികൊണ്ടുപോയി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടുപേരെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി തൃച്ചാറ്റുകുളം വടക്കേവെളീത്തറ വീട്ടിൽ അനസ് ( 38), പൂച്ചാക്കൽ സൈനബ മൻസിലിൽ നിഹാസ് (21) എന്നിവരെയാണ് ചേർത്തല ഡി.വൈ.എസ് പി ടി .ബി. വിജയന്റെ നിർദ്ദേശനുസരണം പിടികൂടിയത്. കൊല്ലം സ്വദേശിനിയായ വീട്ടമ്മ ഡി.വൈ.എസ്.പി ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂച്ചാക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരാതിക്കാരിയുടെ കയ്യിൽ നിന്നും 275000 രൂപാ വാങ്ങിയതിനു ശേഷം അവർക്ക് കാർ നൽകുകയും 4 ദിവസത്തിന് ശേഷം പരാതിക്കാരിയുടെ വീട്ടിൽ നിന്നും ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉപയോഗിച്ച് കാർ കടത്തിക്കൊണ്ട് പോരുകയുമായിരുന്നു. തട്ടിപ്പു സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും അവർ ഉടനെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.