joe-biden

വാഷിംഗ്ടൺ: റഷ്യ യുക്രെയിനെ ആക്രമിക്കാൻ ഇപ്പോഴും സാദ്ധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സേന പിന്മാറിയെന്ന റഷ്യൻ വാദം ബൈഡൻ സ്ഥിരീകരിച്ചിട്ടില്ല. യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പറയുമ്പോഴും ഒന്നര ലക്ഷത്തോളം റഷ്യൻ സൈനികരാണ് അതിർത്തിയിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

യുദ്ധമുണ്ടായാൽ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. അതേസമയം യുക്രെയിനിൽ സൈബർ ആക്രമണമുണ്ടായി. സൈന്യം, പ്രതിരോധ മന്ത്രാലയം, ബാങ്ക് വെബ്‌സൈറ്റുകൾ എന്നിവ ഓഫ്‌ലൈനായി. വിദേശകാര്യ, സാംസ്‌കാരിക മന്ത്രാലയ സൈറ്റുകളും പ്രവർത്തനരഹിതമായി.

യുക്രെയിൻ അതിർത്തിയിൽ നിന്ന് കുറച്ച് സൈനികരെ പിൻവലിച്ചതായി ഇന്നലെ റഷ്യ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ബൈഡന്റെ പ്രതികരണം. ചർച്ചകൾക്ക് തയ്യാറാണെന്നും റഷ്യ അറിയിച്ചു. ആക്രമണവുമായി മുന്നോട്ടു പോയാൽ റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ മുന്നറിയിപ്പു നൽകിയിരുന്നു.

16,​000 ഇന്ത്യൻ വിദ്യാർത്ഥികൾ

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയിനിലെ ഇന്ത്യൻ പൗരന്മാരോട്,​ പ്രത്യേകിച്ച് വിദ്യാർത്ഥികളോട് തൽക്കാലത്തേക്ക് നാട്ടിലേക്ക് മടങ്ങാൻ തലസ്ഥാനമായ കീവിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. ഇന്ത്യൻ എംബസി സാധാരണ നിലയിൽ പ്രവർത്തിക്കും. പതിനാറായിരം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രെയിനിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്നത്. ഇവരെ കൂടാതെ പ്രൊഫഷണലുകൾ ഉൾപ്പടെ ചെറിയ ഒരു ഇന്ത്യൻ സമൂഹവും രാജ്യത്തുണ്ട്. ഇവരുടെയെല്ലാം വിവരങ്ങൾ ഇന്ത്യൻ എംബസി ശേഖരിക്കുന്നുണ്ട്.