dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെയുള്ള മാദ്ധ്യമ വിചാരണ വിലക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ പൂർത്തിയാകുന്നതുവരെ മാദ്ധ്യമങ്ങൾ കേസ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാണ് ദിലീപിന്റെ ആവശ്യം.

പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ കോടതി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില മാദ്ധ്യമ സ്ഥാപനങ്ങൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്തൊക്കെ നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കി സർക്കാർ റിപ്പോർട്ട് നൽകും.

ദിലീപിന്റെ വാദം നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.

നടി ആക്രമിക്കപ്പെട്ടിട്ട് നാളെ അഞ്ച് വർഷം പൂർത്തിയാകുകയാണ്. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയത്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയ പരിധി ഇന്ന് അവസാനിക്കും.