
തിരുവനന്തപുരം: അമ്പലമുക്ക് വിനിത കൊലക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. വിനിതയുടെ മാല പണയപ്പെടുത്തി കിട്ടിയ പണം കേസിലെ പ്രതിയായ രാജേന്ദ്രൻ രണ്ട് പെൺസുഹൃത്തുക്കൾക്ക് നൽകിയതായി വിവരം. തമിഴ്നാട്ടിലെ അഞ്ചുഗ്രാമം സ്വദേശിയാണ് രാജേന്ദ്രൻ.
അഞ്ചുഗ്രാമത്തിലെ കാവൽ കിണറിലെ രണ്ട് സ്ത്രീകൾക്കാണ് പ്രതി പണം നൽകിയത്. ഈ സ്ത്രീകളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. ഇതിൽ ഒരു സ്ത്രീ ഒളിവിൽ പോയിട്ടുണ്ട്. വിനിതയുടെ മാലയുടെ ലോക്കറ്റ് ഈ സ്ത്രീയുടെ കൈവശമുണ്ടെന്നാണ് സൂചന.
വിനിതയുടെ മാലയുടെ ലോക്കറ്റ് കാവൽകിണറിലെ ലോഡ്ജ് മുറിയിലുണ്ടെന്നായിരുന്നു രാജേന്ദ്രൻ പൊലീസിനോട് പറഞ്ഞത്. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇയാളുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ ലോഡ്ജിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വിനിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും ഇതുവരെ കിട്ടിയിട്ടില്ല. തെളിവെടുപ്പ് ഇന്നും തുടരും.ഈ മാസം ആറാം തീയതിയായിരുന്നു വിനിത കൊല്ലപ്പെട്ടത്. യുവതി ജോലി ചെയ്യുന്ന അമ്പലമുക്കിലെ ചെടിക്കടയിലാണ് മൃതദേഹം കണ്ടെത്തിയത്.