covid

അങ്കാറ: തുർക്കിയിലെ ഇസ്താംബുൾ സ്വദേശി കൊവിഡ് പോസിറ്റീവായത് പതിനാല് തവണ. 78 തവണ പരിശോധന നടത്തിയതിൽ പതിനാല് തവണയും രോഗം സ്ഥിരീകരിക്കുകയായിരുന്നു. മുസാഫെർ കയാസാൻ എന്ന 56കാരനാണ് ഈ അപൂർവ അവസ്ഥയ്ക്ക് ഇരയായത്.

2020ൽ ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുമ്പോൾ മുസാഫെർ ലുകീമിയ രോഗബാധിതനായിരുന്നു. പിന്നീടങ്ങോട്ട് ഏകദേശം എല്ലാ മാസവും അദ്ദേഹം കൊവിഡ് പോസിറ്റീവ് ആവുകയായിരുന്നു. മൂന്ന് മാസമെങ്കിലും നെഗറ്റീവ് ആകാത്തതിനാൽ കൊവിഡ് വാക്സിൻ സ്വീകരിക്കാനും അദ്ദേഹത്തിന് സാധിക്കുന്നില്ല. പൂർണമായും രോഗമുക്തി നേടിയാൽ മാത്രമേ വാക്സിൻ നൽകുകയുള്ളൂ.

ആദ്യമായി കൊവിഡ് ബാധിതനായപ്പോൾ മുസാഫെർ മരിക്കേണ്ടതായിരുന്നെന്ന് ‌ഡോക്ടമാർ പറയുന്നു. എന്നാൽ പതിനാല് തവണയും അദ്ദേഹം കൊവിഡിനെ തോൽപ്പിച്ചു. രോഗബാധിതനായി ഒൻപത് മാസം ആശുപത്രിയിലും അഞ്ച് മാസം വീട്ടിലും അദ്ദേഹം ചികിത്സയിലായിരുന്നു. തുടർച്ചയായി കൊവിഡ് പോസിറ്റീവ് ആകുന്നതിനാൽ മാസങ്ങളായി ഭാര്യയുമായും മകനുമായും സമ്പർക്കമില്ല. രോഗമുക്തനാകുന്നെങ്കിലും കൊവിഡിന്റെ ശേഷിപ്പുകൾ ശരീരത്തിൽ നിലനിൽക്കുന്നതിനാലാണ് വീണ്ടും പോസിറ്റീവാകുന്നതെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.

തുർക്കിയിൽ ഏറ്റവും കൂടുതൽക്കാലം കൊവിഡ് ബാധിതനായത് മുസാഫെർ ആണെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. ലൂകീമിയ രോഗമുള്ളതിനാൽ പ്രതിരോധശേഷി കുറഞ്ഞതാകാം കൊവിഡ് തുടർച്ചയായി ബാധിക്കുന്നതിന് കാരണമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ ആഴ്ചയും പിസിആർ പരിശോധനയിൽ മുസാഫെർ കൊവി‌ഡ് പോസിറ്റീവ് ആയിരുന്നു.