
ന്യൂഡൽഹി: സ്വന്തം കുടുംബത്തിലെ പെൺകുഞ്ഞിന് സുഷമ സ്വരാജിന്റെ പേരിട്ട കാര്യം ഓർമ്മിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സുഷമ സ്വരാജിന്റെ 70ാം ജന്മദിനത്തിൽ മോദി ഫേസ്ബുക്കിലൂടെ പങ്കുവച്ച അനുസ്മരണക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. പഞ്ചാബിലെ ജലന്ധറിലെ തിരഞ്ഞെടുപ്പ് റാലി കഴിഞ്ഞ് മടങ്ങവെയായിരുന്നു ഇത്.
25 വർഷം മുമ്പ് ഞാൻ ബി.ജെ.പിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ഒരു തിരഞ്ഞെടുപ്പ് പര്യടന വേളയിൽ എന്റെ ഗ്രാമമായ വാധ്നഗറിൽ സുഷമാജി സന്ദർശനം നടത്തി. അവർ എന്റെ വീട്ടിലെത്തി അമ്മയുമായി കുറച്ച് സമയം ചെലവഴിച്ചു. എന്റെ കുടുംബത്തിൽ അനന്തിരവന് ഒരു പെൺകുട്ടി ജനിച്ച സമയമായിരുന്നു അത്. ജാതകം നോക്കിയ ജ്യോതിഷി കുട്ടിക്ക് ഒരു പേര് നിർദ്ദേശിച്ചു. എല്ലാവരും അത് അംഗീകരിച്ചു. സുഷമാജിയുടെ സന്ദർശനത്തിന് ശേഷം ഇതിൽ ഒരു വഴിത്തിരിവുണ്ടായി. സുഷമാജിയെ കണ്ട ശേഷം അമ്മ പറഞ്ഞു വീട്ടിലെ പെൺകുഞ്ഞിനെ സുഷമ എന്ന് വിളിച്ചാൽ മതിയെന്ന്. എന്റെ അമ്മ അത്ര വിദ്യാസമ്പന്നയല്ല. എന്നാൽ ഏറ്റവും നൂതനമായ ചിന്തകളായിരുന്നു അമ്മയുടേത്.
വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്താനും ലോകത്തിന്റെ ഏത് ഭാഗത്തും ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാർക്ക് സഹായഹസ്തമായി മാറാനും സുഷമ സ്വരാജിന് കഴിഞ്ഞുവെന്നും നരേന്ദ്ര മോദി അനുസ്മരിച്ചു.