
തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ അഴിമതിയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പാർട്ടി ഓഫീസ് പോലെയാണ് കെ എസ് ഇ ബി പ്രവർത്തിച്ചതെന്നും ചെയർമാൻ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയിലെ 100 കണക്കിന് ഏക്കർ ഭൂമി ബോർഡിന്റെ അനുമതിയില്ലാതെ സിപിഎം സംഘങ്ങൾക്ക് കൈമാറി. റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുകയാണ്. ഇതിലൂടെ വർഷം 600 കോടി രൂപയുടെ നഷ്‌ടമാണ് ഉണ്ടാകുന്നത്. ഈ നഷ്ടം സാധാരണക്കാരുടെ തലയിലിട്ടു.
വൈദ്യുതി ബോർഡ് റെഗുലേറ്ററി കമീഷൻ അറിയാതെ 6000 പേർക്ക് നിയമനം നൽകി. ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ നടന്നത് അഴിമതിയാണ്. വൈദ്യുതി ബോർഡ് ഭൂമി നടപടി ക്രമങ്ങൾ ലംഘിച്ച് ആർക്ക് കൊടുത്താലും അത് അന്വേഷിക്കണം. മുഖ്യമന്ത്രിയും അന്നത്തെ വൈദ്യുതി മന്ത്രിയും കാര്യങ്ങൾ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കൃഷ്‌ണൻകുട്ടിയെ സംഭവവുമായി ബന്ധപ്പെട്ട് എം എം മണി വിരട്ടുകയാണ്. ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.