
ആലപ്പുഴ: ചൈനയെ പ്രകീർത്തിച്ചുകൊണ്ട് സംസാരിച്ചു എന്ന വിവാദത്തിൽ മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിളള. ചൈനയെ പ്രകീർത്തിച്ച് സംസാരിച്ചതല്ലെന്നും ലോകരാജ്യങ്ങളെ വിലയിരുത്തിയപ്പോൾ ചില മാദ്ധ്യമങ്ങൾ ചൈനയെ പ്രകീർത്തിക്കുകയാണെന്ന് വ്യാഖ്യാനിക്കുകയായിരുന്നെന്ന് ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് എസ്.രാമചന്ദ്രൻ പിളള വ്യക്തമാക്കി.
ദാരിദ്ര്യം പൂർണമായും നിർമ്മാർജനം ചെയ്‌ത രാജ്യമാണ് ചൈന. ചൈന മിതമായ അഭിവൃദ്ധി നേടിയ രാജ്യമായി മാറി. വളർച്ചയിൽ 30 ശതമാനം സംഭാവന ചെയ്യുന്ന രാജ്യം ചൈനയാണെന്നും മറ്റ് രാജ്യങ്ങൾക്ക് കടം നൽകുന്ന രാജ്യമാണ് ചൈനയെന്നുമാണ് ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ എസ്‌ആർപി പറഞ്ഞത്.
ലോകത്താകെ ദരിദ്രരിൽ 60 ശതമാനവും ഇന്ത്യയിലാണ്. ചൈനയ്‌ക്ക് അഭിവൃദ്ധി നേടാനാകുമെങ്കിൽ ഇന്ത്യയ്‌ക്ക് എന്തുകൊണ്ട് പറ്റുന്നില്ല. ലോകത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ ലോകബാങ്ക് പറഞ്ഞിട്ടുണ്ട്. ദാരിദ്ര നിർമ്മാർജനത്തിൽ വലിയ സംഭാവന ചൈന നൽകിയെന്ന് എസ്‌ആർപി പ്രസംഗിച്ചിരുന്നു.
മനുഷ്യരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ മുതലാളിത്ത രാജ്യങ്ങൾക്ക് കഴിയില്ല. എന്നാൽ സോഷ്യലിസ്‌റ്റ് രാജ്യങ്ങൾക്ക് കഴിയുമെന്നും മുതലാളിത്ത രാജ്യങ്ങളിൽ തൊഴിലില്ലായ്‌മയും സാമ്പത്തിക പ്രതിസന്ധിയും മൂർഛിക്കുകയാണെന്നും സോഷ്യലിസ്‌റ്റ് രാജ്യങ്ങൾ ദാരിദ്രവും തൊഴിലില്ലായ്‌മയും നിർമ്മാർജനം ചെയ്‌ത് സാമ്പത്തിക വളർച്ച കൈവരിക്കുകയാണെന്നുമാണ് എസ്. രാമചന്ദ്രൻ പിളള അഭിപ്രായപ്പെട്ടത്.