
സോനിപത്ത് : പഞ്ചാബി നടനും കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ചെങ്കോട്ടയിലെ സംഘർഷത്തിലെ പ്രതിയുമായ ദീപ് സിദ്ദു വാഹനാപകടത്തിൽ കഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ടിരുന്നു. ഹരിയാനയിലെ കുണ്ഡ്ലി ജില്ലയിലെ സോനിപത്തിൽ വച്ചാണ് ദീപ് സിദ്ദു സഞ്ചരിച്ചിരുന്ന വാഹനം ഹൈവേയുടെ സമീപത്ത് നിർത്തിയിരുന്ന ട്രോളിയിലേക്ക് ഇടിച്ച്കയറിയത്. എന്നാൽ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പെൺസുഹൃത്ത് അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
അപകടത്തിൽ പെട്ട കാറിന്റെ ഇടതു വശത്താണ് ദീപ് സിദ്ധുവിന്റെ സുഹൃത്തായ റീന റായ് ഇരുന്നത്.
കാർ അപടകത്തിൽ പെട്ടപ്പോൾ റീനയുടെ വശത്തെ എയർബാഗ് ഉടൻ തുറന്നതാണ് ഇവരുടെ ജീവൻ രക്ഷിച്ചത്. ഇത് കൂടാതെ റീന സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. റീനയുടെ വശത്തെ എയർ ബാഗ് പൊട്ടിയിരുന്നില്ല. എന്നാൽ ദീപ് സിദ്ദുവിന് മുന്നിൽ തുറന്ന എയർബാഗ് പൊട്ടിത്തെറിച്ചു. ഗുരുതരമായി പരിക്കേറ്റ ദീപ് സിദ്ദുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സുഹൃത്തുക്കളോടൊപ്പം ഡൽഹിയിൽ നിന്നും വരികയായിരുന്നു അദ്ദേഹം.
തലസ്ഥാനത്ത് റിപബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ പ്രക്ഷോഭത്തിനിടെ ചെങ്കോട്ടയിലെത്തിയ സിദ്ദുവും സംഘവും സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് സിഖ് പതാക ഉയർത്തിയിരുന്നു. ചെങ്കോട്ടയിലേക്ക് ആളുകളെ എത്തിച്ചതും പതാക ഉയർത്തിയതും ദീപ് സിദ്ദുവാണെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. ബിജെപി ബന്ധമുളളയാളാണ് ദീപ് സിദ്ദുവെന്ന് കർഷക നേതാക്കളും പറഞ്ഞിരുന്നു. ബിജെപി എം.പിയും നടൻ ധർമേന്ദ്രയുടെ മകനുമായ സണ്ണി ഡിയോളുമായും ദീപ് സിദ്ദുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. ധർമ്മേന്ദ്ര നിർമ്മിച്ച രംതാ ജോഗി എന്ന ചിത്രത്തിലൂടെ 2015ലാണ് ദീപ് സിദ്ദു ചലച്ചിത്ര രംഗത്തെത്തിയത്. 2019 മുതൽ രാഷ്ട്രീയത്തിലും സജീവമാണ് ദീപ്.