 
ഇടവിടാതെ ഫോണിൽ വന്നെത്തുന്ന  സ്നേഹാന്വേഷണങ്ങളുടെയും ഒരിക്കൽ പോലും  കണ്ടിട്ടില്ലാത്തവരുടെ മനസു തുറന്നുള്ള പ്രാർത്ഥനയുടെയും നിറവിലാണ്  വാവ സുരേഷ്.  ഓർക്കാപ്പുറത്തുള്ള ഈ വിശ്രമകാലത്തിൽ നല്ലതും മോശവുമായ എല്ലാ അനുഭവങ്ങളെയും പുതിയ ജീവിതത്തിലേക്ക് ചേർത്തുവയ്ക്കുന്നുണ്ട്  മലയാളികളുടെ സ്വന്തം വാവ...
ശ്രീകാര്യം ലയോള കോളേജിനടുത്തുള്ള വാവയുടെ ഓലപ്പുര നിറയെ പുരസ്‌കാരങ്ങളുണ്ട്. പല കാലങ്ങളിൽ വാവയോടുള്ള ആദരവും സ്‌നേഹവുമായി തേടിയെത്തിയവ. കേന്ദ്രമന്ത്രി മേനകഗാന്ധി സമ്മാനിച്ച മാധവൻപിള്ള ഫൗണ്ടേഷൻ അവാർഡ് ഉൾപ്പെടെയുള്ള നീണ്ട നിരയാണ് ആ ഇത്തിരി ഇടത്ത് നിറഞ്ഞിരിക്കുന്നത്. കേരളത്തിന് വാവയോടുള്ള സ്‌നേഹത്തിന്റെ അടയാളങ്ങളാണ് ഇവ ഓരോന്നും. ഈ സ്‌നേഹത്തിനൊപ്പം തന്നെ ഇപ്പോൾ ഹൃദയത്തിൽ ചേർക്കുന്ന ആയിരക്കണക്കിന് മലയാളികളുടെ പ്രാർത്ഥന വാവയുടെ കണ്ണു നിറയ്‌ക്കുന്നുണ്ട്. ജനുവരി 31 ന് പാമ്പുകടിയേറ്റ് അതീവഗുരുതരാവസ്ഥയിലായിരുന്ന വാവ തിരിച്ച് ജീവിതത്തിലെത്തിയത് കണ്ണുനനയിക്കുന്ന മലയാളികളുമുണ്ട്. വാവയെ സംബന്ധിച്ച് അഭിനന്ദനങ്ങളോ, വിമർശനങ്ങളോ ആയ ഏതൊരു സോഷ്യൽ മീഡിയ പോസ്റ്റിനു താഴെയും കാണാം ഇതുവരെ വാവയെ പരിചയമില്ലാത്തവർ പോലും പ്രിയങ്കരനായ വ്യക്തിയോട് കാണിക്കുന്ന സ്‌നേഹവായ്‌പ്പ്.

ഒരിക്കലും ഓടി രക്ഷപ്പെടില്ല
ഞാൻ അന്നവിടെ എത്തുമ്പോൾ കല്ലിനുള്ളിൽ കേറിയിരിക്കുകയായിരുന്നു പാമ്പ്. സാധാരണ കല്ലുകൾ മുഴുവൻ മാറ്റിയാലേ 'അദ്ദേഹ" ത്തെ കാണാൻ കഴിയാറുള്ളൂ. പക്ഷേ, ഇത്തവണ അങ്ങനെയാ യിരുന്നില്ല. രണ്ടു കല്ലെടുത്തപ്പോൾ തന്നെ പുറത്തേക്ക് വന്നു. പതിവുരീതിയിൽ തന്നെയായിരുന്നു ഇത്തവണയും അദ്ദേഹത്തെ പിടിച്ചത്. പാമ്പിനെ ചാക്കിലാക്കാൻ കുനിഞ്ഞപ്പോൾ നട്ടെല്ലിൽ ഒരു മിന്നൽ പോലെ തോന്നി. ബാലൻസ് നഷ്‌ടപ്പെടുന്ന അവസ്ഥയ്‌ക്ക് മരുന്നു കഴിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ചിന്ത അങ്ങോട്ട് പോയി. കണ്ണുമാത്രമേ പാമ്പിൽ നിന്നുള്ളൂ. ആ സമയത്തായിരുന്നു കടി. ശരീരത്തിൽ തീരെ കനമില്ലാത്ത പാന്റായിരുന്നു ധരിച്ചത്. കടിയേറ്റപ്പോൾ തന്നെ ആ ഭാഗം നന്നായി ഞെക്കി ഉൗറ്റിക്കളഞ്ഞിരുന്നു.നല്ല കടിയാണെന്ന് മനസിലായെങ്കിലും അതിനെ അവവിടെ ഇട്ടിട്ട് എന്റെ ജീവനുമായി ഓടി പോകാൻ തോന്നിയില്ല. കാരണം ഒരു പ്രദേശത്തു നിന്ന് ഇത്രയും അകലെയുള്ള എന്നെ വിളിക്കണമെങ്കിൽ അവിടെ രണ്ടു കാരണങ്ങളേ ഉള്ളൂ, ഒന്ന് പാമ്പിന്റെ ജീവൻ രക്ഷിക്കണം, രണ്ടാമത് നാട്ടുകാരുടെ സുരക്ഷിതത്വം നോക്കണം. അവരുടെ പേടി മാറ്റാൻ പോകുന്ന ഞാൻ എന്നെ പാമ്പുകടിച്ചേ എന്ന് പറഞ്ഞ് അതിനെ ഇട്ട് എന്റെ ജീവൻ രക്ഷിക്കാൻ നോക്കിയാൽ ആളുകൾ ചിലപ്പോൾ പേടിച്ചോടും, പാമ്പും രക്ഷപ്പെടാൻ നോക്കും, ഒരു പക്ഷേ, അവരെ കടിച്ചേക്കാം, ആളുകൾ പാമ്പിനെ കൊന്നേക്കാം. ഇങ്ങനെ കുറേ കാര്യങ്ങളുണ്ട്. അപ്പോൾ ഞാൻ സമാധാനമായി നിന്നാലേ പറ്റുള്ളൂ. പാമ്പിനെ പേടിക്കേണ്ടതില്ല, കടിയേറ്റാൽ ഭയപ്പെടേണ്ടതില്ല എന്നൊക്കെ പറയുന്ന ഞാൻ തന്നെ പേടിക്കുന്നതും ശരിയല്ലല്ലോ... കടിയേറ്റപ്പോഴേക്കും നന്നായി ക്ഷീണിച്ചിരുന്നു. വേദനയും തോന്നി തുടങ്ങിയിരുന്നു.""

ആ സ്‌നേഹം എന്നും ആശ്വസമാണ്
ജീവിതത്തിൽ അപകടങ്ങൾ നിഴൽ പോലെ തന്നെ ഉണ്ട്. പാമ്പുപിടിക്കുമ്പോഴും അല്ലാത്തപ്പോഴും കഠിനമായ ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അന്നൊന്നും ഇങ്ങനെ മനസ് നിറയുന്ന വിധത്തിലുള്ള സ്‌നേഹം എനിക്ക് കിട്ടിയതായി പറയാൻ കഴിയില്ല. ആളുകൾ കാണുമ്പോൾ തിരിച്ചറിയാറുണ്ട്, വിശേഷങ്ങൾ ചോദിക്കാറുണ്ട്. അതല്ലാതെ വയ്യാതെ കിടക്കുമ്പോൾ കുറച്ചുപേർ വരും എന്നല്ലാതെ ഇങ്ങനെ കൂട്ടമായി പലയിടത്തു നിന്നും വന്നുകണ്ട് സ്‌നേഹം പ്രകടിപ്പിച്ചിരുന്നില്ല. ഞാനിപ്പോൾ കഴിയുന്ന ലോഡ്‌ജിലൊക്കെ ആളുകൾ വന്നുകൊണ്ടിരിക്കുകയാണ്. പലവട്ടം മരണത്തെ കണ്ട് മടങ്ങിയെത്തിയ എനിക്ക് ഇപ്പോൾ കിട്ടുന്ന ഓരോ ചെറിയ സ്‌നേഹം പോലും വിലപിടിച്ചതാണ്. ഇത്തവണത്തെ കടി ഗുരുതരമായതും ഞാൻ അതീവ അപകടാവസ്ഥയിലായതുമാവാം ആളുകൾ ഇങ്ങനെ സ്‌നേഹിക്കുന്നതിന്റെ കാരണം. മാത്രമല്ല, ചാനലുകളിലൊക്കെ കടിയേറ്റതൊക്കെ ലൈവായി വന്നുകൊണ്ടിരിക്കുകയല്ലേ...എന്നെ ഇപ്പോൾ വിളിക്കുന്ന എല്ലാവർക്കും പറയാനുള്ളത് അവരുടെ വീട്ടിലും മറ്റും പാമ്പിനെ പിടിക്കാൻ ഞാൻ പോയ ഓർമ്മകളാണ്. പലരും സാധാരണക്കാരാവും. അങ്ങനെയുള്ളിടത്തു നിന്ന് നിർബന്ധിച്ചാലും ഒന്നും വാങ്ങില്ല. അതാക്കെ ഇപ്പോഴും ഓർത്തു പറയുന്നവരുണ്ട്.
 
അവിശ്വസനീയമായ തിരിച്ചുവരവ്
നമ്മുടെ മെഡിക്കൽ കോളേജുകൾ ജീവൻ രക്ഷാരംഗത്ത് എത്രയോ മുന്നിലാണ് എന്നതിന്റെ ഉദാഹരണം കൂടിയാണ് എന്റെ തിരിച്ചുവരവ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഞാൻ പലതവണ കിടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം കൊവിഡ് വന്നപ്പോഴും വാഹനാപകടമുണ്ടായപ്പോഴും അവിടെയായിരുന്നു ചികിത്സ. ഒരു കുറവും വരാതെയായിരുന്നു പരിചരണം. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയെക്കുറിച്ച് പറയാൻ വാക്കുകൾ കിട്ടാത്ത അവസ്ഥയാണ്. ആറു വകുപ്പുകൾ ഒന്നിച്ചു ചേർന്നുള്ള പ്രവർത്തനത്തിലൂടെയായിരുന്നു എനിക്ക് വേണ്ട പരിചരണം തന്നത്. ഒരിടത്തും ഒരു കുറവുപോലും വന്നില്ല. ഒരു രൂപ പോലും ചെലവാക്കേണ്ടി വന്നില്ല. ഫിസിയോ തെറാപ്പിയും ലഭിച്ചു. മന്ത്രി വി. എൻ. വാസവൻ കൂടെ തന്നെയുണ്ടായിരുന്നു. എല്ലാരോഗികൾക്കും ഇതേ ശ്രദ്ധ കിട്ടുന്നുണ്ട് എന്നത് വലിയ കാര്യമാണ്.

ജീവകാരുണ്യം ജീവിതത്തിലുടനീളം
ഗുരുതരമായി പാമ്പുകടിയേറ്റതിന്റെ കണക്കെടുത്താൽ അതെല്ലാം ഫെബ്രുവരിയിലായിരുന്നു എന്നതാണ് ഏറെ യാദൃശ്ചികത. ചെറുതും വലുതുമായ നാനൂറിനടുത്ത് സർപ്പദംശനങ്ങൾ പലപ്പോഴായി സംഭവിച്ചിട്ടുണ്ട്. പാമ്പ് സംരക്ഷണവും പരിസ്ഥിതി പ്രവർത്തനവുമൊക്കെ സേവനമായാണ് കരുതുന്നത്. അടുക്കളയിലോ വീട്ടുമുറ്റത്തോ കയറി ജീവന് ഭീഷണി ഉയർത്തുന്ന പാമ്പിനെ പിടികൂടണമെന്ന് വിളിച്ചുപറയുന്നവരോട് എങ്ങനെയാണ് പണം വാങ്ങുന്നത്? ഒരിടത്തും പ്രതിഫലം ചോദിച്ചു വാങ്ങിയിട്ടില്ല. സ്‌നേഹത്തോടെ എന്തെങ്കിലും തരികയാണെങ്കിൽ വാങ്ങും. അതും പോകുന്ന സ്ഥലത്തെ സാഹചര്യം മനസിലാക്കി മാത്രം. സ്ത്രീകളാണ് കൂടുതലും സഹായം തേടി വിളിക്കുന്നത്. ആരു വിളിച്ചാലും എത്രയും പെട്ടെന്ന് അവിടെ എത്താനാണ് ശ്രമിക്കാറുള്ളത്. ഞാൻ അവിടെ എത്തുന്നതുവരെ പാമ്പ് എങ്ങോട്ട് നീങ്ങുന്നുവെന്ന് നോക്കണമെന്നാണ് പറയാറുള്ളത്. എന്നിരുന്നാലും ചില സ്ഥലങ്ങളിലെത്തുമ്പോൾ അതിഥി ആ ഭാഗത്തേ ഉണ്ടാകില്ല. വണ്ടി പിടിച്ചൊക്കെയാണ് യാത്ര. അതിനും നല്ല തുക ആവാറുണ്ട്. ചിലപ്പോൾ കടം വാങ്ങേണ്ട സാഹചര്യവും വരാറുണ്ട്. ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. തുകയുള്ളതും അല്ലാത്തതുമായി. ഈ തുകയും ടി.വി പ്രോഗ്രാമിലൂടെ കിട്ടുന്ന തുകയുമൊക്കെ ജീവകാരുണ്യ പ്രവർത്തനത്തിനാണ് മാറ്റിവയ്‌ക്കുന്നത്. ആര് സഹായം ആവശ്യപ്പെട്ടാലും പറ്റാവുന്ന രീതിയിൽ ചെയ്യാറുണ്ട്. കഴിയുന്ന സഹായങ്ങൾ ജീവിതത്തിലുടനീളം ചെയ്യണമെന്നും ആഗ്രഹമുണ്ട്.