
പത്താൻകോട്ട്: ആം ആദ്‌മി പാർട്ടിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണ് പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ ഫോട്ടോകോപ്പിയാണ് ആപ്പ് എന്ന് പറഞ്ഞ മോദി പഞ്ചാബിൽ ലഹരി മാഫിയയെ കൊണ്ടുവന്നത് കോൺഗ്രസ് ആണെന്ന് ആരോപിച്ചു. ഡൽഹിയിൽ യുവാക്കളെ ആംആദ്‌മി പാർട്ടി സർക്കാർ ലഹരിക്ക് അടിമപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചാബിലെ പത്താൻകോട്ടിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസ് നേതാക്കൾ പത്താൻകോട്ട് സംഭവത്തിന് ശേഷം നമ്മുടെ സൈന്യത്തിന്റെ വീര്യത്തെ ചോദ്യം ചെയ്‌തു. പുൽവാമ സംഭവമുണ്ടായപ്പോഴും അവർ നമ്മുടെ സൈനികരുടെ ധൈര്യത്തെ ചോദ്യം ചെയ്യുകയാണ്.' പ്രധാനമന്ത്രി പറഞ്ഞു. ഒരവസരം കൂടി കോൺഗ്രസിന് നൽകിയാൽ പഞ്ചാബിന്റെ സുരക്ഷയെത്തന്നെ അവർ അപകടത്തിലാക്കുമെന്നും മോദി ആരോപിച്ചു.
'കോൺഗ്രസിലായിരുന്നപ്പോൾ ക്യാപ്‌റ്റൻ അമരീന്ദർ സിംഗ് പാർട്ടിയുടെ ഇത്തരം നീക്കങ്ങളെ ചെറുത്തു. ഇപ്പോൾ അദ്ദേഹവും പാർട്ടി വിട്ടിരിക്കുകയാണ്.' മോദി പറഞ്ഞു. 1984 ലെ സിഖ് കലാപത്തിന് പിന്നിലെ ആളുകളെ സർക്കാർ അഴിക്കുളളിലാക്കിയെന്നും 1947ൽ സിഖ് ആരാധനാ കേന്ദ്രമായ കർത്താപൂർ സാഹിബ് പാകിസ്ഥാനിലാകാൻ കാരണം കോൺഗ്രസാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. 1971ൽ കർത്താപ്പൂർ സാഹിബ് ഇന്ത്യയ്‌ക്ക് നൽകിയാലേ 90,000 പാക് സൈനികരെ തിരികെ നൽകൂ എന്ന് പറയേണ്ടിയിരുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.
പഞ്ചാബ് അതിർത്തികളിലെ സ്‌കൂളുകളിൽ എൻസിസി സമ്പ്രദായം ശക്തിപ്പെടുത്തുമെന്നും അതിലൂടെ കുട്ടികളിലും പ്രദേശത്തും ദേശീയ വികാരം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.