
പ്രസവശേഷം കുഞ്ഞിന് മുലയൂട്ടിയപ്പോഴാണ് ലിൻഡ്‌സെ വൈറ്റ് കുഞ്ഞിന്റെ തലമുടി നനയുന്നതായി ശ്രദ്ധയിൽ പെട്ടത്. തന്റെ കക്ഷത്തിൽ നിന്നും പൊടിയുന്ന വിയർപ്പിലാണ് കുഞ്ഞിന്റെ തല നനഞ്ഞതെന്നായിരുന്നു യുവതി ആദ്യം കരുതിയത്. എന്നാൽ പീന്നീട് മുലയൂട്ടുമ്പോഴെല്ലാം ഇത് ആവർത്തിക്കുന്നത് കണ്ടതോടെയാണ് കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങി. മുലയൂട്ടുന്ന സമയം കക്ഷത്തിലൂടെയും പാൽ പുറന്തള്ളുന്നു എന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു. തുടർന്ന് ആശുപത്രിയിൽ ഡോക്ടറുടെ സഹായം തേടിയ യുവതി സംഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.
ലിൻഡ്‌സെ വൈറ്റ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായ ശേഷം നിരവധി വിദഗ്ദ്ധർ ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്തു. കക്ഷങ്ങളിൽ നിന്നും പാൽ ചോരാൻ കാരണം ചിലപ്പോൾ സ്തന കോശങ്ങൾക്ക് ഇവിടെ വരെ വളരാൻ കഴിയുന്നതിനാലാണ്. അധിക ബ്രെസ്റ്റ് ടിഷ്യു ഉള്ള ഈ പ്രതിഭാസത്തെ പോളിമാസ്റ്റിയ എന്ന് വിളിക്കുന്നു. ഗർഭിണിയാകുമ്പോൾ മാത്രമേ സ്ത്രീകൾക്ക് അധിക ടിഷ്യു ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയൂ. മായോ ക്ലിനിക്ക് പ്രൊസീഡിംഗ്സ് ജേണലിൽ 1999ൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ ആറ് ശതമാനം സ്ത്രീകൾക്കും ഇത് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.