
രാക്ഷസൻ എന്ന ഒറ്റ ത്രില്ലർ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ തമിഴ് നടനാണ് വിഷ്‌ണു വിശാൽ. ആ ചിത്രം ഹിറ്റായതോടെ കൈ നിറയെ അവസരങ്ങളാകും ഇനി കിട്ടുകയെന്നാണ് എല്ലാവരും കരുതിയതെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നുവെന്ന് തുറന്നു പറയുകയാണ് താരം.
'രാക്ഷസൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം കമ്മിറ്റ് ചെയ്‌ത ഒൻപത് ചിത്രങ്ങളാണ് നടക്കാതെ പോയത്. അതുപോലെയൊരു സൂപ്പർ ഹിറ്റ് ചിത്രം കിട്ടിയാൽ കരിയർ മാറുമെന്നാകും എല്ലാവരും ചിന്തിക്കുക. എന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. അന്ന് പുതിയ ചില സിനിമകളുടെ കഥ പറയാൻ വന്നവരോടെല്ലാം രാക്ഷസൻ കഴിഞ്ഞ ശേഷം കേൾക്കാമെന്നാണ് പറഞ്ഞത്.
അത്രയും പ്രാധാന്യം രാക്ഷസന് കൊടുത്തിരുന്നു. എങ്ങനെയും ആ വേഷം മികച്ചതാക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. അവസാനം ചിത്രം തീയേറ്ററിലെത്തി കഴിഞ്ഞപ്പോൾ അന്ന് തേടിയെത്തിയ കഥകളിലെല്ലാം മറ്റു താരങ്ങളെ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഒൻപത് സിനിമകൾ അങ്ങനെ കൈയിൽ നിന്നു പോയി." വിഷ്ണു പറയുന്നു.
മനു ആനന്ദ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രം എഫ്‌ഐആർ ആണ് താരത്തിന്റെ പുതിയ ചിത്രം. പ്രധാന വേഷത്തിൽ മലയാളി നായിക മഞ്ജിമ മോഹനും എത്തുന്നുണ്ട്. കൗമുദി മൂവീസിന്റെ പുതിയ എപ്പിസോഡിൽ ഇത്തവണ അതിഥികളായെത്തുന്നത് വിഷ്ണു വിശാലും മഞ്ജിമ മോഹനുമാണ്. വീഡിയോ കാണാം.