
വാഷിംഗ്‌ടൺ: രണ്ട് പതിറ്റാണ്ടിലേറെയായി മാമോദീസാ ചടങ്ങിലെ ആശീർവാദത്തിൽ പുരോഹിതൻ തെറ്റായ പദം ഉപയോഗിക്കുന്നതായി സഭ കണ്ടെത്തി. ഇതിന്റെ ഫലമായി അമേരിക്കയിലെ ആയിരക്കണക്കിന് കത്തോലിക്കക്കാർ വീണ്ടും മാമോദീസ സ്വീകരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. തെറ്റായ വാക്ക് ഉപയോഗിച്ചതിനാൽ അദ്ദേഹം നിർവഹിച്ച എല്ലാ മാമോദീസയും അസാധുവാകുമെന്നും സഭ അറിയിച്ചു.
വത്തിക്കാൻ അംഗീകരിച്ച വാക്യമായ 'ഞാൻ നിങ്ങളെ ജ്ഞാനസ്നാനം ചെയ്യുന്നു' എന്നതിന് പകരം 'ഞങ്ങൾ നിങ്ങളെ ജ്ഞാനസ്നാനം ചെയ്യുന്നു' എന്നായിരുന്നു ആന്ദ്രേസ് ആരാംഗോ എന്ന പുരോഹിതൻ 25 വർഷത്തോളമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. മാമോദീസ സ്വീകരിച്ചവർക്ക് മാത്രമേ മരണാനന്തരം സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയൂ എന്നാണ് കത്തോലിക്കരുടെ വിശ്വാസം.
പുരോഹിത കർമങ്ങൾ നിർവഹിച്ച് തുടങ്ങി ഏകദേശം 25 വർഷങ്ങൾക്ക് ശേഷം 2021 മദ്ധ്യത്തോടുകൂടിയാണ് ആരാംഗോ തെറ്റായ പദം ഉപയോഗിക്കുന്നതായി സഭ കണ്ടെത്തിയത്. 1995നും 2021നുമിടയിൽ ആരാംഗോയിൽ നിന്നും മാമോദീസ സ്വീകരിച്ച എല്ലാവരും വീണ്ടും സ്നാനപ്പെടേണ്ടി വരുമെന്നാണ് സൂചന. തെറ്റ് മനസിലായതിന് പിന്നാലെ ആരാംഗോ ജോലി ഉപേക്ഷിക്കുകയും തന്റെ തെറ്റുമൂലം പ്രതിസന്ധികൾ നേരിടേണ്ടി വന്നവർക്ക് സഹായമായി മുഴുവൻ സമയവും മാറ്റിവയ്ക്കുകയും ചെയ്തു.