
ന്യൂഡൽഹി : കഴിഞ്ഞ ദിവസം ഡൽഹിയിൽ ഇന്ത്യയ്ക്ക് ഒരു അതിഥിയുണ്ടായിരുന്നു. ആദ്യമായി രാജ്യത്ത് കാലുകുത്തിയ അതിഥി സൗദി അറേബ്യ ലാൻഡ് ഫോഴ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈറാണ്. ആദ്യമായിട്ടാണ് സൗദി അറേബ്യ ലാൻഡ് ഫോഴ്സ് കമാൻഡർ ഇന്ത്യ സന്ദർശിക്കുന്നത്. അതിനാൽ തന്നെ ഈ സന്ദർശനം ചരിത്രപരവും ഇന്ത്യ സൗദി പ്രതിരോധ സഹകരണത്തിൽ നാഴികക്കല്ലുമാണ്. ഇന്ത്യയിലെത്തിയ ഫഹദ് ബിൻ അബ്ദുല്ല കരസേനാ മേധാവി ജനറൽ നരവനെയുമായി കൂടിക്കാഴ്ച നടത്തി. 1971 ഇന്ത്യ പാക് യുദ്ധത്തിൽ, പാകിസ്ഥാൻ അടിയറവ് പറയുന്ന ചിത്രത്തിന് മുന്നിലാണ് ഇരുവരും ഫോട്ടോയ്ക്കായി പോസ് ചെയ്തത്.
റോയൽ സൗദി ലാൻഡ് ഫോഴ്സ് കമാൻഡറുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദർശനത്തിന് പ്രതിരോധ വിദഗ്ദ്ധർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം ആഴത്തിലുള്ളതായി എന്നതിന്റെ സൂചനയാണിത്. 2020 ഡിസംബറിൽ ഇന്ത്യൻ കരസേനാ മേധാവിയായിരുന്ന ജനറൽ നരവനെ സൗദി സന്ദർശിച്ചിരുന്നു. ഒരു ഇന്ത്യൻ കരസേന മേധാവിയുടെ ആദ്യത്തെ ഗൾഫ് സന്ദർശനമായിരുന്നു ഇതെന്ന് ഓർക്കണം.

അടി തെറ്റിയത് പാകിസ്ഥാന്
ഇന്ത്യ സൗദി പ്രതിരോധ ബന്ധത്തിന്റെ ഗ്രാഫ് ദിനംപ്രതി ഉയരുമ്പോൾ നെഞ്ചിടിപ്പ് വർദ്ധിക്കുന്നത് പാകിസ്ഥാനാണ്. ഒരുകാലത്ത് തങ്ങളുടെ സംരക്ഷണവും, സൗഹൃദവും പങ്കുവച്ച രാജ്യങ്ങൾ ഒന്നൊന്നായി ഇന്ത്യയുമായി കൂട്ടുചേരുന്നത് പാകിസ്ഥാന് സഹിക്കുന്നതിലും അപ്പുറമാണ്. അമേരിക്കയുമായും ഇപ്പോൾ അറബ് രാജ്യങ്ങളുമായും ഇന്ത്യ പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുകയാണ്. മോദി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊഷ്മളമായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതും ഇതിന്റെ ഭാഗമായാണ്.
ചരിത്രപരമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പാകിസ്ഥാനും സൗദിയും തമ്മിലുള്ള ബന്ധത്തിലെ സമീപകാല മാറ്റം ശ്രദ്ധേയമാണ്. ജമ്മു കാശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ സൗദി അറേബ്യയുടെ മൗനമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഇത് വിള്ളൽ വീഴ്ത്തി. സൗദിയെ മാറ്റി നിർത്തി തുർക്കിയും മലേഷ്യയുമായി ചേർന്ന് പുതിയ ഇസ്ലാമിക ചേരിയുണ്ടാക്കാമെന്ന ഇമ്രാന്റെ മനപായസവും സ്ഥിതി വഷളാക്കി. ഇതേ തുടർന്ന് പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ഖമർ ജാവേദ് ബജ്വയ്ക്ക് സൗദി സന്ദർശിച്ചപ്പോൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ കാണാൻ അനുമതി ലഭിച്ചിരുന്നില്ല.

എന്നാൽ ഈ സന്ദർഭങ്ങളെ ഇന്ത്യ അവസരമായി കാണുകയും 2020ൽ സൗദിയുടെ സഖ്യകക്ഷിയായി ഇന്ത്യയെ ഉയർത്തുകയും ചെയ്തു. ഹൂതികളുടെ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുണ്ട്. കൂടാതെ സൗദി അറേബ്യയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇന്ത്യ സൗദി അറേബ്യയുടെ 'രണ്ടാമത്തെ വലിയ വ്യാപാര പങ്കാളി' ആണെന്ന് അറബ് ന്യൂസ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി ഇന്ത്യൻ കമ്പനികളാണ് സൗദിയിൽ നിക്ഷേപം ഇറക്കിയിട്ടുള്ളത്. ഇന്ത്യ സൗദി ബന്ധം പ്രതിരോധമടക്കമുള്ള പുതിയ മേഖലയിലേക്ക് വ്യാപിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് സ്വയം വളരുവാനും അയലത്തെ ശത്രുവിനെ തളർത്തുവാനുമുള്ള അവസരമാണ്.