tesla

ന്യൂഡൽഹി: ടെസ്‌ലയുടെ ഇലക്ട്രിക്ക് വാഹനങ്ങൾ എന്ന് ഇന്ത്യയിൽ എത്തുമെന്ന കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ ഉടനൊന്നും അതിന് സാദ്ധ്യതയില്ലെന്നാണ് നിലവിലെ ലക്ഷണങ്ങൾ നൽകുന്ന സൂചനകൾ. ഇളവുകൾ വേണം എന്ന് നിരന്തരം ആവശ്യപ്പെടുന്ന ടെസ്‌ല പക്ഷേ ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന നിർമാതാക്കൾക്ക് വേണ്ടി കേന്ദ്ര സർക്കാർ നൽകുന്ന പി എൽ ഐ ഇളവുകൾക്ക് വേണ്ടി അപേക്ഷ പോലും നൽകിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇന്ത്യയിൽ നിർ‌മിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമാതാക്കൾക്ക് വേണ്ടി ഏകദേശം 44000 കോടിയുടെ പി എൽ ഐ പദ്ധതി വഴിയുള്ള ഇളവുകളാണ് കേന്ദ്രം നൽകുന്നത്.

അതേസമയം തുടക്കത്തിൽ തന്നെ ഇന്ത്യയിൽ വാഹനം നിർമിക്കാതെ രാജ്യത്തിന് പുറത്ത് നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ടെസ്‌ല ആഗ്രഹിക്കുന്നത്. എന്നാൽ ഇതിന് തടസം നിൽക്കുന്നത് ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി നികുതിയാണ്. ഈ ഇറക്കുമതി നികുതിയിൽ ഇളവുകൾ വേണമെന്നതാണ് ടെസ്‌ലയുടെ ആവശ്യം.

എന്നാൽ ടെസ്‌ല ഇന്ത്യയിലേക്ക് അവരുടെ വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത് ചൈനയിൽ നിന്നുമാണ്. ഇതും കേന്ദ്രത്തിന് താത്പര്യമില്ലാത്ത വസ്തുതയാണ്. പ്രത്യേകിച്ച് ചൈനയിൽ നിന്നുള്ള ഇറക്കുമതി വസ്തുക്കൾക്കെതിരെ ഇന്ത്യയിൽ വലിയ പ്രതിഷേധം നിലനിൽക്കുന്ന അവസരത്തിൽ. തത്ക്കാലത്തേക്ക് ചൈനയിൽ നിന്ന് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയെങ്കിൽ പോലും ഭാവിയിൽ ഇന്ത്യയിൽ നിർമാണം തുടങ്ങുമെന്ന ഒരു ഉറപ്പും ടെസ്‌ല നൽകാത്ത സാഹചര്യത്തിൽ എങ്ങനെ അവരെ വിശ്വസിക്കും എന്നും കേന്ദ്രം ചോദിക്കുന്നു.