
മുംബയ്: മുംബയ് പൊലീസ് കോൺസ്റ്റബിളിന്റെ വാർഷിക വരുമാനം കണ്ട് ഞെട്ടിയിരിക്കുകയാണ് മേലുദ്യോഗസ്ഥർ. 1.5 കോടി രൂപയാണ് മുംബയ് പൊലീസിൽ കോൺസ്റ്റബിളായ ജിതേന്ദ്ര ഷിൻഡേയുടെ വാർഷിക വരുമാനം. അതിൽ ഭൂരിഭാഗവും വരുന്നത് ബോളിവുഡ് നടൻ അമിതാബ് ബച്ചന്റെ അക്കൗണ്ടിൽ നിന്നുമാണ്.
സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് പോയ പൊലീസ് ഉദ്യോഗസ്ഥർ വീണ്ടും ഞെട്ടി. കാരണം 2015 മുതൽ 2021 വരെ അമിതാബ് ബച്ചന്റെ സുരക്ഷാ ചുമതല നിർവഹിച്ചിരുന്നത് ഷിൻഡേയുടെ ഭാര്യയുടെ പേരിലുള്ള സെക്ക്യൂരിറ്റി സ്ഥാപനമാണ്. അതിന്റെ കൂലിയായിട്ടാണ് ഷിൻഡേയ്ക്ക് ഇത്രയേറെ തുക ലഭിച്ചത്. പക്ഷേ സെക്ക്യൂരിറ്റി സേവനങ്ങൾക്കുള്ള ഫീസ് വന്നത് ഭാര്യയുടെ അക്കൗണ്ടിൽ അല്ല, മറിച്ച് ഷിൻഡേയുടെ പേരിലുള്ള അക്കൗണ്ടിലാണ്. ഇതാണ് ഇദ്ദേഹത്തിന് വിനയായത്.
വിവരം അറിഞ്ഞപ്പോൾ തന്നെ ഷിൻഡേയ്ക്ക് സസ്പെൻഷൻ അടിച്ചു നൽകിയിരിക്കുകയാണ് മേലുദ്യോഗസ്ഥർ. സെക്ക്യൂരിറ്റി സർവീസ് ഭാര്യയുടെ പേരിലായതിനാലും ഷിൻഡേയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന് കണക്കുള്ളതിനാലും ആ പേരിൽ നടപടിയെടുക്കാൻ സാധിക്കില്ല. പകരം മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ നാലു തവണ ദുബായ്, സിംഗപൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയതിനും അടുത്തിടെ ഏക്കറു കണക്കിന് സ്ഥലം വാങ്ങിച്ചിട്ട് യഥാസമയം റിപ്പോർട്ട് ചെയ്യാത്തതിനുമാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.