fuel

 വില എക്കാലത്തെയും ഉയരത്തിൽ

കൊച്ചി: വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂടാൻ വഴിയൊരുക്കി പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ജെറ്റ് ഫ്യുവൽ (വ്യോമ ഇന്ധനം) വില ഇന്നലെ ഒറ്റയടിക്ക് 5.2 ശതമാനം കൂട്ടി. ന്യൂഡൽഹിയിൽ വില കിലോലിറ്ററിന് 4,481.63 രൂപ (5.2 ശതമാനം) വർദ്ധിച്ച് 90,519.79 രൂപയായി. സർവകാല റെക്കാഡാണിത്.

രണ്ടുമാസത്തിനിടെ നാലാംവട്ടമാണ് ജെറ്റ് ഫ്യുവൽ അഥവാ ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എ.ടി.എഫ്) വില ഉയർന്നത്. കൊവിഡ്ഭീതി കുറയുകയും സർവീസുകൾ സാധാരണനിലയിലേക്ക് മടങ്ങുകയും ചെയ്യുന്നതിനിടെയാണ്, അന്താരാഷ്‌ട്ര ക്രൂഡ് വിലവർദ്ധന ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ വിമാന ഇന്ധനവില ഉയർത്തിയത്.

വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40-50 ശതമാനവും ഇന്ധനം വാങ്ങുന്നതിന് ആയതിനാൽ ടിക്കറ്റ് നിരക്ക് വൈകാതെ കൂടിയേക്കും.

ക്രൂഡിന് പിന്നാലെ വിമാന ഇന്ധനവും

2008 ആഗസ്‌റ്റിൽ ക്രൂഡോയിൽ വില ബാരലിന് 147 ഡോളറെന്ന റെക്കാഡിൽ എത്തിയപ്പോൾ ന്യൂഡൽഹിയിൽ ജെറ്റ് ഫ്യുവൽവില കിലോലിറ്ററിന് 71,028.26 രൂപയായിരുന്നു. കൊവിഡ് ഒന്നാംതരംഗത്തിൽ ക്രൂഡ് വില ബാരലിന് 40 ഡോളറിന് താഴേക്ക് വീണപ്പോൾ ജെറ്റ് ഫ്യുവൽവില 33,000 രൂപയിലേക്ക് കുറഞ്ഞിരുന്നു.

ഇപ്പോൾ ക്രൂഡ് വില ബാരലിന് 93-94 ഡോളർ. ജെറ്റ് ഫ്യുവലിന് 90,519.79 രൂപ.

 2022 ജനുവരി ഒന്നിലെ വില: ₹74,022.41.

 ഈവർഷം ഇതുവരെ വർദ്ധന : ₹14,497.38.