
അഴിമതിയാണ് വികസനത്തിന്റെ ശത്രുവെങ്കിൽ മികച്ച ഭരണകർത്താവിന് നിഷ്പ്രയാസം അത് പരിഹരിക്കാം. എന്നാൽ രാഷ്ട്രീയമാണ് വികസനത്തിന്റെ ശത്രുവെങ്കിൽ ഭരണകർത്താവ് നിസഹായനാകും. നിർഭാഗ്യവശാൽ കേരളത്തിന്റെ സ്ഥിതി അതാണ്. കരുത്തനായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പാർട്ടിയിൽ മറുവാക്കില്ലാത്ത നേതാവ്, വികസനത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടേയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം. ഇടതുമുന്നണി അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ "ഇൗസ് ഒാഫ് ഡൂയിംഗ് " അന്തരീക്ഷമാണ്. സംരംഭകർക്ക് ഒാഫീസുകൾ കയറിയിറങ്ങി സർട്ടിഫിക്കറ്റുകൾ വാങ്ങാതെ ബിസിനസ് തുടങ്ങാൻ നിയമഭേദഗതി പോലും വരുത്തി സർക്കാർ! എന്നിട്ടും സർക്കാരിനെ തോൽപിച്ചു കളയുന്നു രാഷ്ട്രീയ ഇടപെടലുകൾ. കിറ്റക്സ് ഗ്രൂപ്പ് കേരളം വിട്ട് തെലുങ്കാനയിലേക്ക് പോയതും തലസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലുടമകളായ വി.എസ്.എസ്.സി.യിൽ പടുകൂറ്റൻ യന്ത്രഭാഗം ഇറക്കാൻ തൊഴിലാളികൾ നോക്കുകൂലി ചോദിച്ച് പ്രശ്നമുണ്ടാക്കിയതുമെല്ലാം സർക്കാരിനെ ശ്വാസംമുട്ടിച്ച പ്രതിസന്ധികളാണ്. പൊതുമേഖലയിൽ നഷ്ടത്തിൽ കൂപ്പുകുത്തിയ കെ.എസ്.ആർ.ടി.സിയെ കരകയറ്റാൻ നിയോഗിച്ച സമർത്ഥരായ ഐ.എ.എസ്, ഐ.പി.എസ്.ഒാഫീസർമാരെപോലും ട്രേഡ് യൂണിയൻ രാഷ്ട്രീയധാർഷ്ട്യത്തിന് മുന്നിൽ അടിയറവ് പറഞ്ഞ് സർക്കാരിന് പിൻവലിക്കേണ്ടി വന്നു.
ഏറ്റവുമൊടുവിൽ സംസ്ഥാനത്തെ സുപ്രധാന പൊതുമേഖലാസ്ഥാപനമായ കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലും(കെ.എസ്.ഇ.ബി.) സമാനസംഭവങ്ങളാണ് അരങ്ങേറുന്നത്. എട്ട് പൊലീസുകാരുടെ പേരിൽ സ്ഥാപനം തന്നെ സ്തംഭിപ്പിച്ച് സമരം
കെ.എസ്.ഇ.ബി.യുടെ പട്ടത്തെ ആസ്ഥാനമന്ദിരത്തിന് മുന്നിൽ ശക്തമായ സമരം നടക്കുകയാണ്. സ്ഥാപനത്തിലെ ആറോളം ട്രേഡ് യൂണിയനുകളിൽ ഏറ്റവും വലിയ നാല് യൂണിയനുകളാണ് സമരം നടത്തുന്നത്. ശമ്പള വർദ്ധനവോ, സേവനവേതന വ്യവസ്ഥകളോ നഷ്ടപരിഹാരങ്ങളോ അല്ല സമരത്തിന് ആധാരം. മാനേജ്മെന്റിനോ ട്രേഡ് യൂണിയനുകൾക്കോ ആർക്കാണ് കെ.എസ്.ഇ.ബി.യിൽ അധികാരമെന്നതാണ് തർക്കം. കഴിഞ്ഞ മൂന്ന് ദിവസമായി ജോലിയൊന്നും നടക്കുന്നില്ല. ജീവനക്കാരിൽ ഏറെപ്പേരും അവധിയിലാണ്. ആകെപ്പാടെ സ്തംഭനാവസ്ഥ. ഇങ്ങനെ സംഭവിച്ചാലും ജീവനക്കാർക്കോ, സ്ഥാപനത്തിനോ കാര്യമായ നഷ്ടമൊന്നുമില്ല. നഷ്ടം സ്ഥാപനത്തെ ആശ്രയിക്കുന്ന ജനങ്ങൾക്ക് മാത്രം.
വൈദ്യുതിഭവനിൽ കാവൽ നിന്നിരുന്ന എട്ട് പൊലീസുകാരെ മാറ്റി പകരം പുതുതായി സർക്കാർ രൂപം നൽകിയ എസ്.ഐ.എസ്.എഫ്.എന്ന സുരക്ഷാസേനയിലെ ഉദ്യോഗസ്ഥരെ നിറുത്തിയതിന്റെ പേരിലാണ് ഇൗ പുകിലത്രയും. ഇത് അനാവശ്യ ചെലവുണ്ടാക്കുമെന്നും വൈദ്യുതിഭവനിലെത്തുന്ന മുൻ ജീവനക്കാർക്കും മറ്റും പ്രയാസമുണ്ടാക്കുമെന്നുമാണ് തൊഴിലാളികളുടെ ന്യായം. എന്നാൽ പൊതുജനങ്ങളുടെ വിവരങ്ങളടങ്ങിയ ഡാറ്റാ സൂക്ഷിക്കുന്ന ഒാഫീസിൽ സുരക്ഷ ശക്തമാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശത്തിന്മേലാണ് നടപടിയെന്ന് കെ.എസ്.ഇ.ബി. ചെയർമാനും പറയുന്നു. ഇതിനേക്കാൾ കൂടുതൽ ജനങ്ങൾ ദിവസവും വന്നെത്തുന്ന, ഒരു ഡാറ്റാ സെർവറും സൂക്ഷിച്ചിട്ടില്ലാത്ത സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുജനസേവന സ്ഥാപനമായ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതേ എസ്.ഐ.എസ്.എഫാണ് കാവൽ നിൽക്കുന്നത്. ജനങ്ങൾക്ക് പരാതി കൊടുക്കാൻപോലും അങ്ങോട്ട് കയറാനാകില്ല. അതേക്കുറിച്ച് ഒരു സംഘടനക്കാരും പരാതി പറഞ്ഞിട്ടുമില്ല. യഥാർത്ഥ പ്രശ്നം അതൊന്നുമല്ല. തങ്ങളോട് ചോദിച്ച് അനുവാദം വാങ്ങിയിട്ട് മതി പൊലീസുകാരെ മാറ്റുന്ന നടപടിയെന്നാണ് ട്രേഡ് യൂണിയൻ വാശി. എന്നാൽ അതിന്റെയൊന്നും ആവശ്യമില്ലെന്നും ഇവിടെ ആദ്യം പൊലീസുകാരെ സുരക്ഷയ്ക്ക് വെച്ചത് തൊഴിലാളികളോട് ചോദിച്ചിട്ടല്ലെന്ന് ചെയർമാനും പറയുന്നു. ഇതോടെയാണ് പ്രശ്നം സമരത്തിലെത്തിയത്.
'തലമറന്ന് 'വെയിൽ കൊള്ളുന്നവർ
സംഘടനകളുടെ സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയ സി.ഐ.ടി.യു.സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം നൽകിയ മുന്നറിയിപ്പ് പ്രസക്തമാണ്. "ഇവിടെ സമരപന്തലിലിരുന്ന് വെയിലുകൊള്ളുമ്പോൾ ഇപ്പോഴത്തെ രാഷ്ട്രീയ,സാമൂഹ്യസാഹചര്യങ്ങൾ മറക്കരുത്. വൈദ്യുതി മേഖലയെ സ്വകാര്യവത്‌കരിക്കാൻ കേന്ദ്രം നിയമങ്ങൾ ചമയ്ക്കുന്നു. കുത്തകകൾക്ക് അനുകൂലമായി വ്യവസ്ഥകൾ മാറ്റാനുള്ള ഗൂഢനീക്കം നടക്കുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. യുക്രയിൻ പ്രശ്നത്തിൽ യുദ്ധത്തിനൊരുങ്ങി നിൽക്കുമ്പോഴും അമേരിക്കയടക്കമുള്ള നാറ്റോസഖ്യവും റഷ്യയും ചർച്ച നടത്തുന്നുണ്ട്. ഇവിടെ അത്രയ്ക്ക് പ്രശ്നമൊന്നുമില്ലല്ലോ സംസാരിച്ചു തീർക്കാവുന്നതല്ലേയുള്ളൂ."
എളമരം കരിം പറയാതെ വിട്ട കാര്യങ്ങൾ വേറെയുമുണ്ട്. തൊഴിലാളികൾക്ക് കഴിഞ്ഞ തവണ ശമ്പളവർദ്ധന നടത്തിയത് സർക്കാർ അംഗീകാരമില്ലാതെയാണെന്ന സി.എ.ജി.റിപ്പോർട്ടുണ്ട്. അത് ശമ്പളപരിഷ്ക്കരണങ്ങൾക്ക് തിരിച്ചടിയാകും.പെൻഷൻ ഫണ്ട് രൂപീകരിക്കാനുളള 2013 ലെ തീരുമാനം നടപ്പാക്കിയിട്ടില്ല. അന്ന് 8000കോടിയായിരുന്ന പെൻഷൻ ബാദ്ധ്യത ഇപ്പോൾ 21000 കോടിയിലെത്തി. അത് റെഗുലേറ്ററി കമ്മിഷൻ വകവെച്ച് നൽകിയിട്ടില്ല. കെ.എസ്.ഇ.ബി.യുടെ ഇതുവരെയുള്ള നഷ്ടം 8400 കോടിയോളം രൂപവരും. അടുത്ത അഞ്ചുവർഷം കൊണ്ട് അത് 5400 കോടി കൂടി വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ജീവനക്കാരുടെ എണ്ണം ആവശ്യത്തിൽ കൂടുതലാണെന്ന പരാതിയുണ്ട്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ മാനദണ്ഡപ്രകാരം 27000 ജീവനക്കാർക്കാണ് അംഗീകാരം. എന്നാൽ നിലവിൽ 33000 തൊഴിലാളികളുണ്ട്. അധികമുള്ള ആറായിരം ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ നഷ്ടമായി കെ.എസ്.ഇ.ബി.വകയിരുത്തി പോരുകയാണ്. ഇതെല്ലാം കൂടി റെഗുലേറ്ററി കമ്മിഷനെകൊണ്ട് അംഗീകരിപ്പിച്ച് നിരക്ക് വർദ്ധനവരുത്തി ജനങ്ങളിൽ നിന്ന് ഇൗടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് വെറും അധികാരതർക്കത്തിന്റെ പേരിൽ സമരം നടത്തി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യരാകുന്നത്. തെറ്റ് കാണിക്കുന്നത് ചെയർമാനാണോ,സംഘടനക്കാരാണോ എന്ന് ജനങ്ങൾക്കറിയില്ല. വൻതുക ശമ്പളവർദ്ധനയും സർക്കാർ ജീവനക്കാർക്കുപോലും കിട്ടാതെ ക്ഷാമബത്ത കുടിശികയില്ലാതെ വാങ്ങുകയും ചെയ്യുന്ന ഇൗ വൈദ്യുതി ജീവനക്കാർ എന്തിനാണ് ഇനിയും സമരം നടത്തുന്നതെന്നാലോചിച്ചാണ് അവർ മൂക്കത്ത് വിരൽവെയ്ക്കുന്നത്.
നാളെ -
മന്ത്രിയറിയില്ല,
ഉദ്യോഗസ്ഥർ തീരുമാനിക്കും