 

ഗുവാഹത്തി: അസാമിലെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഗുവാഹത്തിയിലെ രണ്ടാമത്തെ മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥലപ്പേരുകൾ ഇ - പോർട്ടൽ വഴി ജനങ്ങൾക്ക് നിർദ്ദേശിക്കാം. പോർട്ടൽ ഉടൻ സജ്ജമാകുമെന്നും ശർമ്മ അറിയിച്ചു. രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും അടയാളപ്പെടുത്തുന്നതാവണം പുതിയ പേരുകളെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ ചില സ്ഥലപ്പേരുകൾ ആളുകൾക്ക് താൽപര്യമില്ല. കാമാഖ്യ ക്ഷേത്രം ആക്രമിച്ച ബംഗാൾ സുൽത്താനേറ്റിലെ ഒരു മുസ്ലിം ജനറലിന്റെ പേരിലാണ് ഗുവാഹത്തിയിലെ കലാഫർ അറിയപ്പെടുന്നതെന്ന് ശർമ്മ ചൂണ്ടിക്കാട്ടി.അതിനാൽ ഈ പേര് നീക്കം ചെയ്യണമെന്നും ജനങ്ങളുമായി കൂടിയാലോചിച്ച് അനുയോജ്യമായ പേര് നിർദ്ദേശിക്കാൻ എം.എൽ.എയോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ യു.പിയിലും ഗുജറാത്തിലും ബി.ജെ.പി സ്ഥലങ്ങളുടെ പേരുകൾ മാറ്റിയിരുന്നു.