jk

ശ്രീനഗർ: കാശ്മീർ താഴ്‌വരയിലെ വിവിധ ഇടങ്ങളിൽ ഇന്നലെ സംസ്ഥാന അന്വേഷണ ഏജൻസി റെയ്ഡ് (എസ്.ഐ.എ)​ നടത്തി. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 10 പേരെ ഏജൻസി അറസ്റ്റ് ചെയ്തു. ജെയ്ഷെയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ്. കാശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവരെ പിടികൂടുന്നതിനായി സമീപകാലത്താണ് എസ്.ഐ.എയ്ക്ക് രൂപം നൽകിയത്.

അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് ജെയ്ഷെ കമാൻഡർമാരുടെ നിർദ്ദേശ പ്രകാരം അറസ്റ്റിലായ ഭീകരർ പ്രവർത്തിച്ചിരുന്നത്. യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുക,​ ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുക,​ ആയുധങ്ങൾ കടത്തുക എന്നിവയായിരുന്നു ഇവരുടെ മുഖ്യ ചുമതല. റെയ്ഡിനിടെ ഡമ്മി തോക്കുകൾ,​ സെൽ ഫോണുകൾ,​ സിം കാർഡുകൾ,​ ബാങ്ക് ഇടപാട് രേഖകൾ എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായ ഭീകരരിൽ ഒരാളുടെ വീട്ടിൽ 2020ൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.