
ചാമ്പ്യൻസ് ലീഗ് : സിറ്റിയ്ക്ക് വമ്പൻ ജയം, റയലിനെ വീഴ്ത്തി പി.എസ്.ജി
പാരീസ് : യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദ മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിയ്ക്കും പി.എസ്.ജിയ്ക്കും ജയം. പി.എസ്.ജി ഏകപക്ഷീയമായ ഒരുഗോളിന് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെ വീഴ്ത്തിയപ്പോൾ സിറ്റി പോർച്ചുഗീസ് ക്ലബ് സ്പോർട്ടിംഗിനെ ഗോൾമഴയിൽ മുക്കി.
സിറ്റിയുടെ പഞ്ചാമൃതം
ബെർണാർഡോ സിൽവ ഗോളടിച്ചും അടിപ്പിച്ചും നിറഞ്ഞാടിയ മത്സരത്തിൽ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സിറ്റി സ്പോർട്ടിംഗിനെ അവരുടെ തട്ടകത്തിൽ തരിപ്പണമാക്കിയത്. സിറ്റിക്കായി ബെർണാഡോയെക്കൂടാതെ റിയാദ് മെഹരസ് ,ഫിൽ ഫോഡൻ, റഹിം സ്റ്റെർലിംഗ് എന്നിവരും സ്കോർ ചെയ്തു. 49-ം മിനിട്ടിൽ സ്പോർട്ടിംഗിന്റെ വലകുലുക്കി ബെർണാഡോ ഹാട്രിക്ക് തികച്ചെന്ന് കരുതിയെങ്കിലും വാർ ഓഫ് സൈഡ് വിധിക്കുകയായിരുന്നു. എന്നാൽ 9 മിനിട്ടിന് ശേഷം ബെർണാഡോ നൽകിയ പാസ് സ്വീകരിച്ച് 20 വാര അകലെനിന്ന് തൊടുത്ത മനോഹരമായ കർവിംഗ് ഷോട്ടിലൂടെ സ്റ്റെർലിംഗ് സിറ്റിയുടെ അഞ്ചാം ഗോളും വിജയവും ഉറപ്പിക്കുകയായിരുന്നു. 7ാം മിനിട്ടിൽ റിയാദ് മെഹരസാണ് സിറ്റിയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 17,44 മിനിട്ടുകളിലാണ് ബെർണാഡോയുടെ ഗോളുകൾ പിറന്നത്. 32-ാം മിനിട്ടിൽ ഫോഡനും സ്കോർ ചെയ്തു.
എംബാപ്പെ കാത്തു
മെസി പെനാൽറ്റി കിക്ക് നഷ്ടപ്പെടുത്തിയ മത്സരത്തിൽ അവസാന നിമിഷം കെയ്‌ലിയൻ എംബാപ്പെ നേടിയ തകർപ്പൻ ഗോളിന്റെ പിൻബലത്തിലാണ് പി.എസ്.ജി സ്വന്തം തട്ടകമായ പാർക്ക് ദെ പ്രിൻസിൽ ജയം സ്വവന്തമാക്കിയത്. മത്സരത്തിലുടനീളം തകർപ്പൻ പ്രകടനമാണ് പി.എസ്.ജി പുറത്തെടുത്തത്. മദ്ധ്യനിരയിൽപാരീസിനായി മാർകോ വെരാറ്റി പുറത്തെടുത്ത പ്രകടനം എടുത്തുപറയേണ്ടതാണ്. വിനീഷ്യസും ബെൻസേമയും അസെൻസിയോയും മുന്നേറ്റത്തിൽ അണിനിരന്ന റയലിന് ടാർജറ്റിലേക്ക് ഒരു ഷോട്ട് പോലും എടുക്കാനായില്ലെങ്കിലും മറുവശത്ത് പി.എസ്.ജി കുതിച്ചുകയറിക്കൊണ്ടിരുന്നു. മികച്ച സേവുകളുമായി ഗോൾ കീപ്പർ തിബോ കോട്ട്വായാണ് പലപ്പോഴും റയലിന്റെ രക്ഷയ്ക്കെത്തിയത്. 60-ാം മിനിട്ടിൽ കാർവഹാൽ എംബാപ്പെയേെ വീഴ്ത്തിയതിനാണ് റഫറി പി.എസ്.ജിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. എന്നാൽ മെസിയെടുത്ത കിക്ക് കോട്ട്വാ ഇടത്തേക്ക് ചാടി തട്ടിക്കളഞ്ഞു. മത്സരം സമനിലയെന്ന് കരുതിയിരിക്കെ പരകരക്കാരനായെത്തിയ നെയ്മറുടെ പാസിൽ നിന്ന് പന്തുമായി ഒറ്റയ്ക്ക് കുതിച്ച് എംബാപ്പെ തൊടുത്ത ഷോട്ട് പാരീസിന്റ വിജയമാവുകായിരുന്നു.