hijab-row

ബംഗളൂരു: സമൂഹത്തിൽ വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിനു മതചിഹ്നങ്ങളുണ്ടെന്നും എന്തുകൊണ്ടാണ് ഹിജാബിന് മാത്രം വിവേചനമെന്നും ഹിജാബിന്റെ പേരിൽ വിലക്ക് നേരിട്ട മുസ്ലീം പെൺകുട്ടികൾ ഇന്നലെ കർണാടക ഹൈക്കോടതിയിൽ ചോദിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് ചോദ്യം ചെയ്തുള്ള ഹർജികളിൽ ഇന്നലെ ചീഫ് ജസ്റ്റിസിന്റെ വിശാല ബെഞ്ച് വാദം കേൾക്കുമ്പോൾ പെൺകുട്ടികളുടെ അഭിഭാഷകനും പ്രൊഫസറുമായ രവിവർമ്മ കുമാറിന്റേതാണ് ചോദ്യം.

വളയും പൊട്ടും ദുപ്പട്ടയും കുരിശും മുഖാവരണവും സിക്ക് തലപ്പാവും പോലെ വൈവിദ്ധ്യമാർന്ന നിരവധി മത പ്രതീകങ്ങളുണ്ട്. പൊട്ട് തൊട്ട പെൺകുട്ടികളെയോ കുരിശ് ധരിച്ച പെൺകുട്ടികളയോ ക്ലാസിൽ നിന്ന് പുറത്താക്കുന്നില്ല.

ഹിജാബ് ധരിച്ച പെൺകുട്ടികളോട് മാത്രം വിവേചനം കാട്ടുന്നത് അവരുടെ മതത്തിന്റെ പേരിലാണ്. ഇത് മതപരമായ വിവേചനം വിലക്കുന്ന ഭരണഘടനയുടെ 15ാം​ വകുപ്പിന്റെ ലംഘനമാണ്. ഹിജാബിന്റെ കാര്യത്തിൽ മാത്രം സർക്കാർ ശത്രുതാപരമായ വിവേചനം സൃഷ്ടിക്കുകയാണ്. ഹിജാബ് നിരോധിച്ചിട്ടില്ല. എന്ത് അധികാരത്തിന്റെയോ നിയമത്തിന്റെയോ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കിയത് - അദ്ദേഹം ചോദിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങൾ യൂണിഫോം മാറ്റുന്നതിന് ഒരു വർഷം മുമ്പ് രക്ഷിതാക്കൾക്കു നോട്ടീസ് നൽകണമെന്ന് ചട്ടമുണ്ട്. ഹിജാബ് നിരോധനമുണ്ടെങ്കിൽ ഒരു വർഷം മുമ്പ് അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായ നാലാം ദിവസമാണ് ബെഞ്ച് ഹിജാബിൽ വാദം കേൾക്കുന്നത്.

വിഭ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു

ഹിജാബ് വിവാദം മൂലം അടച്ച കർണാടകയിലെ പ്രീ യൂണിവേഴ്സിറ്റി, ബിരുദ കോളേജുകൾ കനത്ത സുരക്ഷയിൽ ഇന്നലെ തുറന്നു. ഉഡുപ്പി നഗരത്തിൽ പൂർണമായും, മറ്റു ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റർ ചുറ്റളവിലും നിരോധനാജ്ഞയുണ്ട്. ചില കുട്ടികൾ ഹിജാബ് ധരിച്ചാണ് കോളേജിലെത്തിയത്. ചിലർ അഴിച്ചു മാറ്റി. ചിലർ വിഷയത്തിൽ അദ്ധ്യാപകരോട് തർക്കിക്കുന്ന സാഹചര്യമുണ്ടായി ഹൈക്കോടതിയെ സമീപിച്ച ഉഡുപ്പിയിലെ കോളേജിലെ ആറ് വിദ്യാർത്ഥികൾ കോളേജിൽ എത്തിയില്ല.

ചിക്കമഗളൂരു ഇന്ദവാരയിലെ ഗവ. ഹൈസ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ കയറാൻ അനുവദിച്ചില്ല. രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ സ്കൂളിന് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു.

മൈസൂരുവിലെ വിവിധ സ്കൂളുകളിലായി ഹിജാബ് ധരിച്ചെത്തിയ 43 വിദ്യാർത്ഥിനികൾക്ക് എസ്.എസ്.എൽ.സി. മാതൃകാപരീക്ഷയിൽ ഹാജരാകാനായില്ല.