
തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്വപ്ന പദ്ധതിയായി പ്രഖ്യാപിച്ച വയനാട്ടിലേക്കുള്ള ഇരട്ട തുരങ്കപാതയ്ക്ക് 2134.50കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിക്കും. ഇതുൾപ്പെടെ നാല്പത്തിനാല് വികസന പദ്ധതികൾക്കായി 6943.37കോടിരൂപ നൽകും. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിന് ബദലാണ് ഇരട്ട തുരങ്കപാത. പദ്ധതിക്ക് ഈ സർക്കാരിന്റെ ആദ്യബഡ്ജറ്റിൽത്തന്നെ 20 കോടി രൂപ അനുവദിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലും കിഫ്ബി സി.ഇ.ഒ.ഡോ.കെ.എം.എബ്രഹാമും പങ്കെടുത്തു.
കൊങ്കൺ റെയിൽവേ കോർപറേഷനാണ് തുരങ്കം നിർമ്മിക്കുന്നത്. മൂന്നു വർഷം കൊണ്ടു പൂർത്തിയാക്കിയശേഷമേ പണം കൈമാറുകയുള്ളൂ. 80 കിലോ മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാവുന്ന തുരങ്കം യാഥാർത്ഥ്യമാവുന്നതോടുകൂടി വയനാട്ടിലേയ്ക്കും അതുവഴി ബംഗളൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ഒരു മണിക്കൂറോളം ലാഭിക്കാം. 12 കിലോമീറ്റർ നീളത്തിൽ ഒൻപത് ഹെയർപിൻ വളവുകളുള്ള താമരശേരി ചുരത്തിൽ വാഹനപ്പെരുപ്പം കൊണ്ടും മണ്ണിടിച്ചിൽ കൊണ്ടും അടിക്കടി ഗതാഗതതടസം നേരിടുന്ന പശ്ചാത്തലത്തിലാണ് തുരങ്കപാത നിർമ്മിക്കുന്നത്.
മുറിപ്പുഴയിൽ നിന്നുമാരംഭിച്ച് കള്ളാടിയിൽ അവസാനിക്കുന്ന തരത്തിൽ 7.826 കി.മീ നീളത്തിലാണ് നിർമ്മാണം. കൊച്ചി-ബാംഗ്ളൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്പുഴയിൽ ഗ്ളോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ് സിറ്റി പദ്ധതിക്ക് സ്ഥലമെടുക്കാൻ 850കോടി നൽകും.
നിർമ്മാണത്തിന് 3 വർഷം
6.910 കി.മീ:
ടണൽ നീളം
70 മീറ്റർ പാലം:
ഇരവഞ്ഞിപ്പുഴയിൽ
750+ 200 മീറ്റർ:
അപ്രോച്ച് റോഡുകൾ
നിർണ്ണായക ചുവടുവെയ്പാണ് വയനാട് ട്വിൻ ടണൽറോഡ്. ഹിമാചൽ പ്രദേശിലെ അടൽ ടണൽ റോഡിന് സമാനമായ പദ്ധതിയാണിത്. 50000 കോടിരൂപയുടെ പദ്ധതിയാണ് കിഫ്ബി ലക്ഷ്യമിട്ടതെങ്കിലും ഇപ്പോൾ 70000കോടിരൂപയായി"
കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി