bappi-lahiri

മുംബയ് : 1970കൾ... ഡ്രം ബീറ്റിന്റെ ചടുലതാളമോടെ ഡിസ്കോ സംഗീതം അമേരിക്കയിലും യൂറോപ്പിലും പടർന്നുപിടിച്ച കാലം. യുവജനത ആഘോഷമാക്കി മാറ്റിയ ആ ഡിസ്കോ സംഗീതത്തിന്റെ മാന്ത്രികതയിലൂടെ ഇന്ത്യയിൽ വിസ്മയം തീർത്തയാളാണ് ബപ്പി ലാഹിരി. യൂട്യൂബോ വീഡിയോ സംവിധാനങ്ങളോ ഒന്നുമില്ലാതെ കാസറ്റുകളിലൂടെയും റേഡിയോകളിലൂടെയും ഒഴുകിയെത്തിയ വലിച്ചുനീട്ടലില്ലാതെ വിരസതയറിയിക്കാതെ ഏവരെയും സന്തോഷിപ്പിച്ച ഡിസ്കോയ്ക്ക് ഇന്ത്യയിൽ ആരാധകർ ഏറെയായിരുന്നു. നൃത്തച്ചുവടുകൾ വയ്ക്കാൻ ഉതകുന്ന തരത്തിൽ ചിട്ടപ്പെടുത്തുന്ന ഡിസ്കോ ഗാനങ്ങൾക്ക് അകമ്പടിയായി വരുന്ന ഡ്രം ബീറ്റും ഗിറ്റാറും കാതുകളിൽ തീർക്കുന്ന വിസ്മയം ചെറുതല്ല. ഇത് നന്നായി അറിയാവുന്ന ലാഹിരി ഡിസ്കോയ്ക്ക് ഒരു ഇന്ത്യൻ മുഖം നൽകി. അലീഷ ചിനായി, ഉഷാ ഉതുപ്പ് തുടങ്ങിയ ഇൻഡി പോപ്പ് പ്രതിഭകളുടെ ശബ്ദം ലാഹിരിയുടെ ട്രാക്കുകൾക്കൊപ്പം നാം ഏറ്റുപാടി. ജർമ്മൻ മ്യൂസിക് ഗ്രൂപ്പായ മോഡേൺ ടോക്കിംഗിന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ ' ബ്രദർ ലൂയി " നമ്മൾ ' സൂബി സൂബി " ആയി കേട്ടത് ലാഹിരിയുടെ കംപോസിംഗിൽ അലീഷ ചിനായിയുടെ ശബ്ദത്തിലാണ്. ഡാൻസ് ഡാൻസ് ( 1987 ) എന്ന ചിത്രത്തിലായിരുന്നു ഈ ഹിറ്റ് ഗാനം.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഉഷാ ഉതുപ്പിന്റെ ' കോയ് യഹാൻ അഹാ നച്ചേ നച്ചേ.... " ഓർമയില്ലേ.? ഇതും ലാഹിരിയുടെ സംഭാവനയാണ്. ഡിസ്കോ ഡാൻസറിലെ ഈ ഗാനം ഇന്നും ഹിറ്റ് ചാർട്ടിൽ മുൻനിരയിൽ തന്നെ. ലാഹിരിയുടെ ഗാനങ്ങൾക്ക് മറ്റൊരു പ്രത്യേകതയുണ്ട്. 80കളിലും 90കളിലും ലാഹിരി തീർത്ത മാസ്മരിക സംഗീതം പിൻകാലത്ത് നിരവധി തവണയാണ് റീമേക്ക് ചെയ്യപ്പെട്ടത്. ലാഹിരിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബാഗി 3യിലെ ' ഭൻകാസ് " എന്ന ഗാനം പോലും 1984ൽ പുറത്തിറങ്ങിയ തോഹ്ഫയിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ റീമേക്കാണ്.

ഡാൻസ് നമ്പറുകൾ മാത്രമല്ല, റൊമാന്റിക് മെലഡികളും വിഷാദ ഗാനങ്ങളുമെല്ലാം തനിക്ക് വഴങ്ങുമെന്ന് ലാഹിരി തെളിയിച്ചിരുന്നു. കിഷോർ കുമാർ ആലപിച്ച 'ചൽതേ ചൽതേ"യും ടൂട്ടേ ഖിലോനേയിൽ കെ.ജെ. യേശുദാസ് പാടി ഹിറ്റാക്കിയ ' മാനാ ഹോ തും ബേഹദ് ഹസീൻ " എന്ന ഗാനവും ലാഹിരിയുടെ മെലഡി മാജികിന് ഉദാഹരണം.

ഷറാബിയിൽ താൻ ആലപിച്ച നാല് ഗാനങ്ങൾക്ക് കിഷോർ കുമാറിന് ഫിലിംഫെയർ നോമിനേഷൻ ലഭിച്ചിരുന്നു. ഇതിൽ ' മൻസിലേൻ അപ്നി ജഗഹ് ഹേൻ " എന്ന ഗാനത്തിന് കിഷോർ കുമാറിന് പുരസ്കാരം ലഭിക്കുക മാത്രമല്ല, 7 തവണ ഫിലിംഫെയർ സ്വന്തമാക്കുന്ന ഗായകനെന്ന റെക്കോർഡും അദ്ദേഹം നേടി. ഇന്ത്യൻ സംഗീതലോകത്തിന് ഒരു സുവർണകാലഘട്ടം സമ്മാനിച്ചെന്ന അതുല്യനേട്ടവുമായാണ് ബപ്പി ലാഹിരി അനശ്വരതയിലേക്ക് മറയുന്നത്.