
നാഗർകോവിൽ:പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപ്പനക്കടയിലെ ജീവനക്കാരി വിനിതമോളെ കൊലപ്പെടുത്തി 4 പവൻ മാല കവർന്ന കേസിൽ അന്വേഷണസംഘം പ്രതി രാജേന്ദ്രനെ തമിഴ്നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെയോടെയാണ് തിരുവനന്തപുരത്തു നിന്ന് തിരുനെൽവേലി ജില്ലയിലെ കാവൽക്കിണറിൽ രാജേന്ദ്രനെ എത്തിച്ചത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയ തങ്കശാല സ്ട്രീറ്റ്,രാജ ദുരൈ ലോഡ്ജിലാണ് പേരൂർക്കട സി.ഐ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ആദ്യം തെളിവെടുപ്പ് നടത്തിയത്. വിനിതയുടെ മാലയുടെ ചുട്ടി പ്രതി ലോഡ്ജിലെ മുറിയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് പ്രതിയുമായി പൊലീസ് ഇവിടെയെത്തിയത്. ലോഡ്ജിൽ നാലുമണിക്കൂറോളം തെരച്ചിൽ നടത്തിയിട്ടും ചുട്ടി കണ്ടെത്താനായില്ല. എന്നാൽ പേരൂർക്കട ആശുപത്രിയിലെ ഒ.പി ടിക്കറ്റ് പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന തെളിവായ കൊലയ്ക്ക് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി. ചോദ്യംചെയ്യലിൽ ഇപ്പോഴും പരസ്പര വിരുദ്ധമായാണ് പ്രതി സംസാരിക്കുന്നത്. കഴിഞ്ഞദിവസം മുട്ടട ആലപ്പുറം കുളത്തിൽ നിന്ന് കണ്ടെടുത്ത പ്രതിയുടെ തുണിയിൽ പ്രതിയുടെയും വിനിതയുടെയും ചോരയുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. 2015ൽ ആരുവാമൊഴിയിലെ,തിരുപ്പതിസാരത്തിൽ വച്ച് കസ്റ്റംസ് ഓഫീസർ സുബയ്യയെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസിന്റെ വിവരങ്ങളും പൊലീസ് ഇന്നലെ ആരുവാമൊഴി പൊലീസ് സ്റ്റേഷനിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.കസ്റ്റംസ് ഓഫീസറുടെ വീട് സ്ഥിതി ചെയ്തിരുന്ന അഞ്ചുഗ്രാമത്തിലും തെളിവെടുപ്പ് നടത്തി.
ലളിതാബായിയെ കൊലപ്പെടുത്തിയത് രാജേന്ദ്രൻ?
മൂന്ന് വർഷങ്ങൾക്ക് മുമ്പ് കന്യാകുമാരി ജില്ലയിലെ കീരിപ്പാറയിൽ നടന്ന 37 വയസുകാരിയുടെ കൊലപാതകത്തിന്റെയും പ്രതി രാജേന്ദ്രനാണോയെന്ന് കന്യാകുമാരി പൊലീസ് സംശയിക്കുന്നു.കീരിപ്പാറ സ്വദേശി ലളിതാബായിയാണ് അന്ന് കൊല്ലപ്പെട്ടത്.തലയിൽ ചിരക കൊണ്ട് അടിച്ചും, ശരീരത്തിൽ 16 സ്ഥലത്തിൽ മുറിവുണ്ടാക്കിയുമാണ് കൊലപ്പെടുത്തിയത്. ലളിതാബായി അണിഞ്ഞിരുന്ന ആറേകാൽ പവൻ സ്വർണവും മോഷണം പോയിരുന്നു.വരുംദിവസങ്ങളിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കം നടത്തുന്നതായി കന്യാകുമാരി പൊലീസ് അറിയിച്ചു.