
സോനിപ്പത്ത്: പഞ്ചാബി നടനും പൊതുപ്രവർത്തകനുമായ ദീപ് സിദ്ദു അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയതായി പൊലീസ്. കുപ്പിയിൽ പകുതിയോളം മദ്യമുണ്ടായിരുന്നുവെന്നും അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നതെന്നും സോനീപ്പത് എസ്.പി.രാഹുൽ ശർമ്മ പറഞ്ഞു. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിദ്ദുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തായ റീന റായി നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഇവരെ പിന്നീട് പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.
റീനയ്ക്കൊപ്പം ഗുരുഗ്രാമിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വാഹനാപകടമുണ്ടായതെന്നാണ് പൊലീസ് ഭാഷ്യം. യു.എസിലായിരുന്ന റീന ജനുവരി 13നാണ് ഇന്ത്യയിലെത്തിയത്. ഇരുവരും ഗുരുഗ്രാമിലെ ഒബ്‌റോയി ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്
22 ചക്രങ്ങളുള്ള ട്രക്കിലേക്കാണ് സിദ്ദു ഓടിച്ചിരുന്ന വാഹനം ഇടിച്ചുകയറിയത്. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ രക്ഷപ്പെട്ടു. സംഭവത്തിൽ ഇയാൾക്കെതിരെയും ട്രക്കിന്റെ ഉടമയ്‌ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സിദ്ദുവിന്റെ മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.