
രക്ഷാദൗത്യത്തിന് മാത്രമല്ല, സംസ്ഥാനത്തിന്റെ എന്ത് ആവശ്യത്തിനും ഹെലികോപ്ടറും എയർലിഫ്‌റ്റിംഗ് വിദഗ്ദ്ധരെയും സേനാംഗങ്ങളെയും വിട്ടുനൽകാൻ സൈന്യം സജ്ജമായിരിക്കെയാണ്, വർഷം പത്തുകോടിയോളം രൂപ വാടക നൽകി സ്വകാര്യ കമ്പനിയിൽ നിന്ന് സർക്കാർ കോപ്ടർ വാടകയ്ക്കെടുക്കുന്നത്. ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷനിൽ നിന്നാണ് 80ലക്ഷം മാസവാടകയ്ക്ക് ഇരട്ട എൻജിൻ കോപ്ടർ വാടകയ്ക്കെടുക്കാൻ ധാരണയായത്. ഈ തുകയ്ക്ക് 20 മണിക്കൂർ പറക്കാം. കൂടുതൽ പറന്നാൽ മണിക്കൂർ കണക്കിൽ അധികതുക നൽകണം.
കടമെടുത്ത് ശമ്പളവും പെൻഷനും നൽകേണ്ട ഗതികേടിലാണ് സർക്കാരെങ്കിലും കോപ്ടറിന്റെ പേരിലുള്ള ധൂർത്തിന് കുറവില്ല. മൂന്നുവർഷത്തേക്കാണ് കരാറെങ്കിലും രണ്ടുവർഷത്തേക്കു കൂടി നീട്ടാനാവും. ദുരന്തനിവാരണത്തിനോ രക്ഷാദൗത്യത്തിനോ ഇത്തരം കോപ്ടറുകൾ ഉപയോഗിക്കാനാവില്ലെന്നും വി.ഐ.പികൾക്കും പൊലീസ് ഉന്നതർക്കും പറന്നുരസിക്കാനാണ് വാടകയ്ക്കെടുക്കുന്നതെന്നും ആക്ഷേപമുണ്ട്. മുൻപ് 1.70കോടി മാസവാടകയ്ക്കെടുത്ത കോപ്ടർ കാറ്റുവീശിയാലോ മഴക്കാറ് കണ്ടാലോ പറക്കില്ലായിരുന്നു. 22.21കോടിയാണ് ആകെ ചെലവിട്ടത്. കാര്യമായ പണിയൊന്നുമില്ലാതെ തിരുവനന്തപുരം വിമാനത്താവളത്തിൽ സുഖനിദ്രയിലായിരുന്നു. സീറ്റുകൾ മാറ്റി എയർലിഫ്‌റ്റിംഗ് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടതെങ്കിലും നടന്നില്ല. മാവോയിസ്റ്റ് വേട്ടയ്ക്കും നിരീക്ഷണത്തിനും കോപ്ടറിൽ സേനയെ എത്തിച്ചപ്പോൾ ശബ്ദംകേട്ട് മാവോയിസ്റ്റുകൾ കടന്നുകളഞ്ഞു. മാവോയിസ്റ്റുകളെ കണ്ടാലുടൻ നേരിടാനായി സേനയെ എത്തിക്കാൻ ഓപ്പറേഷണൽ ഹെലികോപ്ടർ അത്യാവശ്യമാണെന്ന ഡിജിപിയുടെ ശുപാർശയിലാണ് രണ്ടാമതും കോപ്ടർ വാടകയ്ക്കെടുക്കുന്നത്.
ഏതുതരം രക്ഷാദൗത്യത്തിനും അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവയവങ്ങളെത്തിക്കാനും വിവിഐപി യാത്രയ്ക്കുമെല്ലാം സേനാകോപ്ടറുകൾ സർക്കാരിന് വിട്ടുനൽകാറുണ്ട്. ചീഫ്സെക്രട്ടറി ആവശ്യപ്പെട്ടാൽ എന്ത് ആവശ്യത്തിനും വ്യോമസേന തിരുവനന്തപുരത്തുനിന്നും നാവികസേന കൊച്ചിയിൽ നിന്നും കോപ്ടറുകൾ വിട്ടുനൽകും. വാടകകോപ്ടറിന് 18ശതമാനം ജി.എസ്.ടിയുണ്ട്. എന്നാൽ സേനയ്ക്ക് നികുതി നൽകേണ്ട. വാടകകോപ്ടറിന് കൊടുക്കുംപോലെ സേനാ കോപ്ടറുകൾക്ക് പണം നൽകേണ്ടതില്ല. ഒരുലക്ഷം വരെ ബിൽ നൽകുമെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പണമിടപാടിൽ കുറവുവരുത്തും. ഏത് കാലാവസ്ഥയിലും പറക്കാനും എയർലിഫ്‌റ്റ് അടക്കം രക്ഷാദൗത്യങ്ങൾ നടത്താനും സേനാകോപ്ടറുകൾക്ക് കഴിയും. വറ്റിവരണ്ട പുഴയിലും റോഡിലും വീടിന്റെ ടെറസിലുമെല്ലാം കോപ്ടറുകൾ ഇറക്കിയ വിദഗ്ദ്ധപൈലറ്റുമാർ സേനകൾക്കുണ്ട്.
വ്യോമനിരീക്ഷണം, മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ നിരീക്ഷണം, രക്ഷാപ്രവർത്തനം, അതിർത്തി പ്രദേശങ്ങളിലും തീരദേശത്തും വനമേഖലയിലും വിനോദസഞ്ചാര-തീർത്ഥാടന മേഖലകളിലും നിരീക്ഷണം, അടിയന്തരഘട്ടങ്ങളിലെ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര എന്നിവയ്ക്കായാണ് ഇത്തവണ കോപ്ടർ വാടകയ്ക്കെടുക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് നവീകരണത്തിനുള്ള കേന്ദ്രഫണ്ടിൽ നിന്നാണ് ഹെലികോപ്ടറിന് പണം നൽകുന്നത്.
ആറ് വി.ഐ.പി സീറ്റുകളും ഒൻപത് സാദാ സീറ്റുകളുമുള്ള, 15യാത്രക്കാരുടെ പത്ത് കിലോ വീതം ലഗേജും വഹിക്കാനാവുന്ന 15വർഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടറാണ് ഇത്തവണ വാടകയ്ക്കെടുക്കുക. ഓപ്പറേറ്ററുടെ കാര്യക്ഷമതയേക്കാൾ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നതിനാൽ കൂടുതൽ അപകടമുണ്ടാക്കിയ ഓപ്പറേറ്റർമാരെ ടെൻഡറിൽ നിരസിച്ചിരുന്നു. നേരത്തേ വാടകയ്ക്കെടുത്ത കോപ്ടറിന് പെട്ടിമുടിയിൽ ഉരുൾപൊട്ടി പാലവും റോഡും ഒലിച്ചുപോയപ്പോൾ രക്ഷാപ്രവർത്തകരെയും മെഡിക്കൽസംഘത്തെയും അവിടെ എത്തിക്കാനായില്ല. സീറ്റുകൾ മാറ്റി എയർലിഫ്‌റ്റിംഗ് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെട്ടതെങ്കിലും ജീവനക്കാർക്ക് ഇതിനുള്ള വൈദഗ്ദ്ധ്യമില്ലായിരുന്നു. എയർലിഫ്‌റ്റിംഗ്, റെസ്ക്യൂ പരിശീലനം ലഭിച്ചവർ പൊലീസിലുമില്ല.
രാത്രിയിലും ഏത് പ്രതികൂല കാലാവസ്ഥയിലും പറക്കുമെന്നായിരുന്നു കമ്പനിയുടെ അവകാശവാദമെങ്കിലും സ്വകാര്യ കോപ്ടറിന് അങ്ങനെ പറക്കാനാവില്ലെന്ന് പിന്നീട്
വ്യക്തമായി. പ്രതികൂല കാലാവസ്ഥയിൽ പറക്കാൻ കോപ്ടറിന്റെ പൈലറ്റുമാർ തയ്യാറായിരുന്നുമില്ല.
വാടക കുറയില്ല
മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും ഉദ്യോഗസ്ഥർക്കും പറക്കാൻ വാടകയ്ക്കെടുക്കുന്ന ഹെലികോപ്ടറിന്റെ വാടക കുറയ്ക്കണമെന്ന പൊലീസിന്റെ ആവശ്യം ഡൽഹി ആസ്ഥാനമായ കോപ്ടർ കമ്പനി ചിപ്സൺ ഏവിയേഷൻ നിരസിച്ചിട്ടുണ്ട്. മാസവാടക 80ലക്ഷം രൂപയാണ് ചിപ്സൺ ക്വോട്ട് ചെയ്തിരുന്നത്. ഈ തുകയ്ക്ക് 20 മണിക്കൂർ പറക്കാം. അധികമായി ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. രണ്ടുവർഷം മുൻപ് നടത്തിയ ടെൻഡറിൽ 74ലക്ഷം രൂപയായിരുന്നു ചിപ്സൺ ക്വോട്ട് ചെയ്തിരുന്നത്. ഇതേ തുകയ്ക്ക് കോപ്ടർ നൽകാനാവുമോയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കമ്പനിയുമായി സംസാരിച്ചു. എന്നാൽ അന്ന് 74ലക്ഷം ക്വോട്ട് ചെയ്തത് ജി.എസ്.ടി കൂട്ടാതെയാണെന്നും ഇതു കൂട്ടിയാൽ 81ലക്ഷം രൂപയാവുമെന്നും കമ്പനി മറുപടി നൽകി. 80ലക്ഷം വാടക അംഗീകരിച്ച് കരാർ ഉറപ്പിക്കാമെന്ന് പൊലീസ് സർക്കാരിന് ശുപാർശ നൽകും. മുഖ്യമന്ത്രി അംഗീകരിച്ചാൽ മൂന്നാഴ്ചയ്ക്കകം കോപ്ടർ തിരുവനന്തപുരത്ത് എത്തിക്കും.
കോപ്ടറിലെ ഐ.സി.യു
രണ്ട് ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ കൊച്ചി തീരസംരക്ഷണ സേനയുടെ ഭാഗമായിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എം.കെ-III ശ്രേണിയിൽപെട്ടതാണ് ഈ കോപ്ടറുകൾ. ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയർലിഫ്റ്റ് ചെയ്യുന്നതിനായി, നീക്കം ചെയ്യാവുന്ന വിധത്തിലുള്ള മെഡിക്കൽ ഇന്റൻസീവ് കെയർ യൂണിറ്റും കോപ്ടറിൽ ഘടിപ്പിച്ചിട്ടുണ്ട്. നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽ ലിമിറ്റഡ് ഈ ഇനത്തിലെ പത്ത് കോപ്ടറുകൾ തീരസംരക്ഷണ സേനയ്ക്ക് നൽകിയിട്ടുണ്ട്. അത്യാധുനിക സെൻസറുകളും ആയുധങ്ങളും ഉൾക്കൊള്ളുന്ന നാവിക ഹെലികോപ്ടറാണ് ധ്രുവ്. ആധുനിക നിരീക്ഷണ റഡാറും ഇലക്‌ട്രോ ഒപ്ടിക്കൽ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. പകലും രാത്രിയും ഏതു കാലാവസ്ഥയിലും ദീർഘദൂര തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും സമുദ്ര നിരീക്ഷണങ്ങൾക്കും ഇവ ഉപയോഗിക്കാം.