kpl

കോഴിക്കോട്: ഫസ്റ്റ് ടീമിലെ 13 അന്യസംസ്ഥാന കളിക്കാർക്ക് കൊവിഡ് ബാധിച്ച് പ്രതിസന്ധിയിലായ എഫ് സി അരീക്കോട് കേരളാ പ്രീമിയർ ലീഗിൽ ലൂക്കാ എഫ് സിക്കെതിരെ സമനില പൊരുതി സ്വന്തമാക്കി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഒന്നാം പകുതിയുടെ നാലാം മിനിട്ടിൽ അരീക്കോടിന്റെ തന്നെ പ്രതിരോധനിരതാരം ഹദീസു റഹ്മാൻ ഹഖ് വഴങ്ങിയ ഓൺ ഗോളിലൂടെ മുന്നിലെത്തിയ ലൂക്കാ എഫ് സിയെ 61ാം മിനിട്ടിൽ ഷഹീറിന്റെ ഗോളിലൂടെ അരീക്കോട് തളയ്ക്കുകയായിരുന്നു. ലീഗിലെ അരീക്കോട് എഫ് സിയുടെ മൂന്നാം സമനിലയാണിത്. ലീഗിൽ മൂന്ന് മത്സരങ്ങൾ ഇതുവരെ കളിച്ച അരീക്കോടിന് മൂന്ന് പൊയിന്റുകളുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് അരീക്കോടിന്റെ അന്യസംസ്ഥാന താരങ്ങൾക്ക് കൊവിഡ് ബാധിച്ചത്. മണിപ്പൂരിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ള ശക്തമായ താരനിരയുമായിട്ടാണ് മലപ്പുറത്ത് നിന്നുള്ള അരീക്കോട് എഫ് സി കെ പി എല്ലിന് വേണ്ടി തയ്യാറെടുത്തത്. എന്നാൽ അപ്രതീക്ഷിതമായി ഫസ്റ്റ് ടീമിൽ ഉള്ളവർക്ക് കൊവിഡ് ബാധിച്ചത് ഇവരെ തളർത്തി. പഞ്ചാബിൽ നിന്നുള്ള ഒരു താരത്തിന് രോഗം മൂർച്ഛിച്ച് ന്യുമോണിയ വരെ പിടിപ്പെട്ടു. രോഗം ഭേദമായെങ്കിലും ഇവരാരും തിരിച്ച് കളത്തിലിറങ്ങാൻ സാധിക്കുന്ന ശാരീരിക അവസ്ഥയിലായിരുന്നില്ല. ഒരിക്കൽ മാറ്റിവച്ച മത്സരം ഇനിയും മാറ്റാൻ സാധിക്കില്ലെന്ന് കേരള ഫുട്ബാൾ അസോസിയേഷൻ അറിയിച്ചതോടെ രണ്ടും കല്പിച്ച് ടീമിനെ ഇറക്കാൻ തന്നെ അരീക്കോട് എഫ് സിയുടെ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ഫുട്ബാളിന്റെ ഈറ്റില്ലമായ മലപ്പുറത്ത് നിന്ന് കളിക്കാരെ കണ്ടെത്തുക അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. അധികം ബുദ്ധിമുട്ടാതെ തന്നെ അവർക്ക് കളിക്കാരെ ലഭിക്കുകയും ചെയ്തു. തോൽക്കുന്നെങ്കിൽ തോൽക്കട്ടെ എന്ന് കരുതി കളത്തിലിറങ്ങിയ അരീക്കോട് ടീം മാനേജ്മെന്റിനെ പോലും ഞെട്ടിക്കുന്ന പ്രകടനമാണ് മലപ്പുറത്തിന്റെ ചുണക്കുട്ടികൾ ഇന്ന് പുറത്തെടുത്തത്. തുടക്കത്തിൽ ഒന്ന പതറിയെങ്കിലും, ആക്രമണ സമയത്ത് പരിചയകുറവ് വലിയ രീതിയിൽ പ്രകടമായെങ്കിലും പ്രതിരോധ ഫുട്ബാളിലൂടെ അവർ എതിരാളികൾക്ക് മുന്നിൽ പിടിച്ചു നിന്നു. അടുത്ത മത്സരത്തിൽ പ്രധാന ടീമിലെ കുറച്ചു കളിക്കാരെങ്കിലും ശാരീരിക ക്ഷമത വീണ്ടെടുക്കുമെന്നാണ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.