
ചെന്നൈ: ദിണ്ടിഗലിൽ ഡോക്‌ടർ ദമ്പതിമാരെയും മാതാപിതാക്കളെയും കെട്ടിയിട്ട് കൊളളക്കാർ നടത്തിയത് വൻ കവർച്ച. ഒട്ടൻ ചത്രം-ധാരാപുരം റോഡിലാണ് സംഭവം. ഡോ.ശക്തിവേൽ(52), ഭാര്യയായ ഡോ.റാണി(45), ഡോ.ശക്തിവേലിന്റെ മാതാപിതാക്കൾ എന്നിവരെയാണ് രാത്രി രണ്ട് മണിയോടെ വീടിന്റെ മതിൽചാടിയെത്തി കവർച്ചാ സംഘം കൊളളയടിച്ചത്.
ഇവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി വീട്ടിൽ സൂക്ഷിച്ചിരുന്ന 280 പവനും 25 ലക്ഷംരൂപയും കാറിന്റെ താക്കോലും തട്ടിയെടുത്തു. കൊള്ളമുതലുമായി ഡോക്‌ടറുടെ കാറിലാണ് സംഘം കടന്നത്. പിന്നീട് കെട്ടഴിക്കാൻ സാധിച്ച ഡോ.ശക്തിവേൽ ഉടനെ ദിണ്ടിഗൽ പൊലീസിൽ വിവരമറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടിലെ ചുറ്റുമുളള നിരീക്ഷണ ക്യാമറകൾ തകർത്ത ശേഷമാണ് അകത്തുകയറിയതെന്ന് പൊലീസ് പറഞ്ഞു.
ഡോക്‌ടറുടെ വീടിനടുത്ത് വലിയൊരു കെട്ടിടം നിർമ്മാണം നടക്കുകയാണ്. ഇതിനാൽ ഈ വീട്ടിൽ സംഭവം നടന്നത് സ്ഥലവാസികൾക്ക് അറിയാനായില്ല. നാലുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും ഇവരെ പിടിക്കാൻ നാല് സ്‌പെഷ്യൽ ടീമുകളെ നിയോഗിച്ചെന്നും ദിണ്ടിഗൽ ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസൻ പറഞ്ഞു. 25നും 30നുമിടയിൽ പ്രായമുളളവരാണ് കവർച്ചക്കാരെന്നും ഇവർക്ക് പ്രദേശത്തെ ആളുകളുടെ സഹായം ലഭിച്ചതായി സംശയമുണ്ടെന്നുമാണ് വിവരം.