postmortum

തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജുകളിൽ ആറുമാസത്തിനകം രാത്രികാല പോസ്റ്റുമോർട്ടം തുടങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ ജീവനക്കാരുടെയും സൗകര്യങ്ങളുടെയും കുറവ് സർക്കാരിന് വെല്ലുവിളിയാകുന്നു. മെ‌ഡിക്കൽ കോളേജുകളിലെ ഫോറൻസിക് സയൻസ് വിഭാഗത്തിൽ പ്രൊഫസർമാർ മുതൽ അറ്റൻഡർമാർ വരെയുള്ള തസ്തികകളിൽ ആവശ്യത്തിന് ജീവനക്കാരില്ല. ആവശ്യത്തിന് വൈദ്യുതിയും ജനറേറ്ററും വെള്ളവും പോലും ‌ഇല്ലാത്തയിടങ്ങളുമുണ്ട്.

പുതിയവ ഒഴികെയുള്ള അഞ്ച് മെഡിക്കൽ കോളേജുകളിലെ പോസ്റ്റുമോർട്ടത്തിനുള്ള സംവിധാനങ്ങളും പോരായ്‌മകളും അറിയിക്കാൻ ഡയറക്ടർക്ക് കത്ത് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. വ‌ർഷങ്ങൾക്ക് മുമ്പുള്ള സ്റ്റാഫ് പാറ്റേണിലാണ് തിരുവനന്തപുരം,​ ആലപ്പുഴ,​ കോട്ടയം,​ തൃശൂർ,​ കോഴിക്കോട് മെഡിക്കൽ കോളേജുകളിലെ ഫോറൻസിക് വിഭാഗം പ്രവർത്തിക്കുന്നത്. പാരിപ്പള്ളി,​ എറണാകുളം,​ ഇടുക്കി,​ വയനാട്,​ മഞ്ചേരി മെഡിക്കൽ കോളേജുകളിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമുണ്ടെങ്കിലും ജീവനക്കാരും നിഴൽ രഹിതമായ പ്രകാശ സംവിധാനവുമില്ല.

സംസ്ഥാനത്ത് ഏറ്റവുമധികം പോസ്റ്റുമോർട്ടം നടക്കുന്നത് തിരുവനന്തപുരത്താണ്. ഇവിടെ ആയിരം പോസ്റ്റുമോർട്ടം നടത്തിയിരുന്നപ്പോഴുള്ള സ്റ്റാഫ് പാറ്റേണിലാണ് നാലായിരത്തിലധികം പോസ്റ്റുമോർട്ടം നടത്തുന്നത്. ഒരു പോസ്റ്റുമോർട്ടത്തിന് ഡോക്ടറും രണ്ട് സഹായികളും ടെക്നിക്കൽ സ്റ്റാഫുമുൾപ്പെടെ നാലുപേരാണ് വേണ്ടത്. മൂന്ന് ടേബിളുള്ളിടത്ത് മൂന്ന് ഡോക്ടർമാരുണ്ടെങ്കിൽ എട്ടുമണിക്കൂറിൽ 24 പോസ്റ്റുമോർട്ടം ചെയ്യാം. 24 മണിക്കൂർ സംവിധാനം നിലവിൽ വരുമ്പോൾ ഇപ്പോഴത്തേക്കാൾ ഇരട്ടി ജീവനക്കാ‌ർ വേണം. ഇതിനായി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണം.

തിരുവനന്തപുരത്ത് രണ്ട് പ്രൊഫസർമാർ,​ രണ്ട് അസോസിയേറ്റ് പ്രൊഫസർമാർ,​ ഒമ്പത് അസിസ്റ്റന്റ് പ്രൊഫസർമാർ,​ പത്ത് ലക്ചറർ തസ്തികകളിൽ പകുതിയും ഒഴിഞ്ഞുകിടക്കുകയാണ്. പീഡനം,​ കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പോസ്റ്റുമോർട്ടം നടപടികൾ വീഡിയോയിൽ ചിത്രീകരിക്കേണ്ടിവരും. ഇതിനാവശ്യമായ വെളിച്ചമുൾപ്പെടെയുള്ളവ ഉൾക്കൊള്ളിച്ച് മോർച്ചറികളെ ആധുനീകരിക്കണം.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാന മെഡിക്കോ ലീഗൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓരോ മെഡിക്കൽ കോളേജുകളിലെയും സംവിധാനങ്ങളും പോരായ്മകളും സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞമാസം എറണാകുളത്ത് യോഗം വിളിച്ചെങ്കിലും കൊവിഡിനെ തുടർന്ന് അത് മാറ്റിവയ്ക്കുകയായിരുന്നു.

രാത്രി പോസ്റ്റുമോർട്ടം നേട്ടങ്ങൾ

മരിച്ചവരുടെ ബന്ധുക്കളുടെ കാത്തിരിപ്പും ദുരിതങ്ങളും ഒഴിവാക്കാം

 അവയവ ദാനം സാദ്ധ്യം

ജോലിഭാരം കുറയ്ക്കാം

മൃതദേഹങ്ങൾക്ക് ഫ്രീസർ ഉറപ്പാക്കാനും കേടാകാതെ സൂക്ഷിക്കാനും കഴിയും

മരണം നടന്ന ഉടൻ പോസ്റ്റുമോർട്ടം ചെയ്താൽ കാരണം കണ്ടെത്തൽ സുഗമം

മൃതദേഹത്തിന്റെ പഴക്കം മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാം

ഫ്രീസർ സൗകര്യങ്ങൾ കൂടുതൽ പേർക്ക് ഉപയോഗിക്കാം

.