ukraine

മോസ്കോ: യുക്രെയിൻ അതിർത്തിയിൽ സംഘർഷ സാദ്ധ്യതയിൽ അയവ് വരുന്നു. പരിശീലനം പൂർത്തിയാക്കിയ ഒരു വിഭാഗം സൈനികർ ക്രൈമിയ ഉപദ്വീപിൽ നിന്ന് മടങ്ങുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയിൻ അതിർത്തിയ്ക്ക് സമീപത്ത് നിന്ന് ഏതാനും ട്രൂപ്പുകളെ പിൻവലിക്കുന്നതായി റഷ്യ ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ട്രൂപ്പുകളെ ക്രൈമിയയിൽ നിന്ന് ബേസ് ക്യാമ്പുകളിലേക്ക് തിരികെയെത്തിക്കുന്നതായി റഷ്യ വ്യക്തമാക്കിയത്. ടാങ്കുകൾ ഉൾപ്പെടെയുള്ള സൈനിക വാഹനങ്ങൾ റെയിൽ മാർഗമാണ് ക്രൈമിയയിൽ നിന്ന് തിരിച്ചു കൊണ്ടുപോവുകയെന്ന് വ്യക്തമാക്കിയ റഷ്യൻ പ്രതിരോധ മന്ത്രാലയം എന്നാൽ എത്ര ട്രൂപ്പുകളെയാണ് പിൻവലിക്കുന്നതെന്ന് വെളിപ്പെടുത്തിയില്ല.

യുക്രെയിനിൽ നിന്ന് 2014ലാണ് റഷ്യ ക്രൈമിയ പിടിച്ചെടുത്തത്. ഇവിടെ നിന്ന് മിലിട്ടറി യൂണിറ്റുകൾ പിൻവാങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോയും റഷ്യൻ ഔദ്യോഗിക മാദ്ധ്യമം പുറത്തുവിട്ടിരുന്നു. അതേ സമയം,​ അതിർത്തിയിൽ നിന്ന് റഷ്യ കൂടുതൽ ട്രൂപ്പുകളെ പിൻവലിക്കുന്നതിന്റെ തെളിവുകളൊന്നും തങ്ങൾ കണ്ടില്ലെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. റഷ്യ സേനാപിന്മാറ്റം അവകാശപ്പെടുമ്പോഴും അതിനെ പൂർണമായും അംഗീകരിക്കാൻ നാറ്റോയും യു.എസും തയാറായിട്ടില്ല. റഷ്യ യുക്രെയിനെ ആക്രമിക്കാൻ ഇനിയും വളരെയധികം സാദ്ധ്യതയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. റഷ്യയുടെ നീക്കത്തിൽ സംശയം പ്രകടിപ്പിച്ച ബൈഡൻ ആക്രമണമുണ്ടായാൽ റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങളെ അണിനിരത്തുമെന്നും മുന്നറിയിപ്പ് ആവർത്തിച്ചു. റഷ്യയുടെ സൈനിക പിന്മാറ്റം യു.എസ് സ്ഥിരീകരിച്ചിട്ടില്ല. റഷ്യ അതിർത്തിയിൽ സൈനിക വിന്യാസം തുടരുന്നുണ്ടെന്നാണ് നാറ്റോയും പ്രതികരിക്കുന്നത്.