
 കള്ലക്കേസെന്ന് ഭാര്യ
അടിമാലി: കരിമണൽ ഫോറസ്റ്റ് സ്റ്റേഷൻ ആക്രമിച്ച് വനിതാ ഉദ്യോഗസ്ഥയെയടക്കം മർദിച്ചെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കീരിതോട് പകുതിപാലം സ്വദേശി കുമരംകുന്നേൽ പ്രജീഷിനെയാണ് (46) ഊന്നുകല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, കേസ് ഒത്തുതീർപ്പാകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി തങ്ങളെ മർദിക്കുകയും കള്ളക്കേസിൽ കുടുക്കുകയുമായിരുന്നുവെന്ന് യുവാവിന്റെ ഭാര്യ ആരോപിച്ചു. പരിക്കേറ്റ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി.ജി. സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അർച്ചന എന്നിവർ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പ്രജീഷിന്റെ ഭാര്യ അഞ്ജു അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വനപാലകർ പറയുന്നതിങ്ങനെ: വനഭൂമി കൈയേറിയതിന് പ്രജീഷിനെതിരെ കേസുണ്ട്. ഇതിൽ മൊഴി നൽകാൻ പ്രജീഷ് ഭാര്യയോടൊപ്പം തിങ്കളാഴ്ച ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി. മൊഴി നൽകുന്നതിനിടെ വനപാലകരുമായി വാക്കേറ്റമായി. ഇതിനിടെ ഇയാളും ഭാര്യയും ചേർന്ന് ഉദ്യോഗസ്ഥരെ മർദിക്കുകയും ഓഫീസിന് കേടുപാടു വരുത്തുകയും ചെയ്തെന്നാണ് പരാതി. പ്രജീഷിനെ തടഞ്ഞുവച്ചെങ്കിലും ഭാര്യ രക്ഷപ്പെട്ടെന്നും അധികൃതർ പറഞ്ഞു. എന്നാൽ, തങ്ങളെ വിളിച്ചു വരുത്തി ഏഴ് വയസുകാരൻ മകന്റെ മുന്നിലിട്ട് മർദിക്കുകയായിരുന്നെന്ന് അഞ്ജു ആരോപിക്കുന്നു. ഇത് സംബന്ധിച്ച് വനംമന്ത്രിക്കും വനിതാകമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ചൈൽഡ് ലൈനും പരാതി നൽകിയതായും ഇവർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രജീഷിനെ റിമാൻഡ് ചെയ്തു.