air-india-flight

ന്യൂഡല്‍ഹി: സംഘർഷ സാദ്ധ്യത നലനിൽക്കുന്ന യുക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാൻ കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എയർ ഇന്ത്യയുടെ കൂടുതൽ സർവീസുകൾ നടത്താൻ ആലോചിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. .ഷാര്‍ജ, ദുബായ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കണക്ഷന്‍ സര്‍വീസുമുണ്ടാകും. ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയവുമായും വിമാന കമ്പനികളുമായും വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി.

വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കീവിലെ ഇന്ത്യന്‍ എംബസിയില്‍ കണ്‍ട്രോള്‍ റൂമും തുറന്നു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18,000-ഓളം ഇന്ത്യക്കാരാണ് യുക്രെയിനിലുള്ളത്. സംഘര്‍ഷത്തില്‍ അയവു വന്നെങ്കിലും ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് വിദേശ മന്ത്രാലയത്തിന്‍റെ തീരുമാനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി.

എംബസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മുന്‍ഗണനാ ക്രമത്തില്‍ തിരികെ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഒഴിപ്പിക്കലിന്റെ വിശദമായ ഷെഡ്യൂള്‍ വൈകാതെ മന്ത്രാലയം പുറത്തുവിടും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും യുക്രെയിനിലെ ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.