
തളിക്കുളം: മോഷ്ടിച്ച വസ്തുക്കളുമായി കടന്നുകളഞ്ഞ നാടോടി സ്ത്രീകളെ നാട്ടുകാർ ഓടിച്ചിട്ടു പിടികൂടി. ഇതോടെ ഉടുതുണി ഉരിഞ്ഞ് നഗ്നത കാട്ടി സ്ത്രീകൾ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച് ഉച്ചയ്ക്ക് തളിക്കുളം ഗവ. ഹൈസ്ക്കൂളിന് സമീപമായിരുന്നു സംഭവം.
ബ്ളോക്ക് ഓഫീസിനു സമീപത്തുള്ള വീടുകളുടെ മുറ്റത്ത് ഇവർ ഒളിഞ്ഞു നിൽക്കുന്നത് സമീപത്തെ വീടുകളിലെ വീട്ടമ്മമാർ കണ്ടു. വിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടി അവിടെ നിന്നും ഇവരെ ഓടിച്ചുവിട്ടു. പിന്നീട് ചില വീടുകളിൽ നിന്നും പാത്രങ്ങളും മറ്റും കാണാതായതോടെ നാട്ടുകാർ ബൈക്കിൽ തെരച്ചിൽ നടത്തി.
ഗവ. ഹൈസ്കൂളിന് സമീപത്ത് നാല് നാടോടി സ്ത്രീകളെ കണ്ടെത്തി. മൂന്നു പേരുടെ കൈവശമുള്ള തുണിക്കെട്ട് പരിശോധിച്ചപ്പോൾ നിറയെ പാത്രങ്ങളും അടയ്ക്കയും കത്തികളും കണ്ടെത്തി. മറ്റേ സ്ത്രീയുടെ കൈവശമുണ്ടായിരുന്ന കെട്ട് പരിശോധിക്കാൻ അവർ തയ്യാറായില്ല.
തിരക്കുള്ള റോഡിൽ വച്ച് നാട്ടുകാർ ബലം പ്രയോഗിച്ച് കെട്ട് പരിശോധിക്കാൻ ശ്രമിച്ചപ്പോഴാണ് നാടോടി സ്ത്രീ ഉടുതുണി ഉരിഞ്ഞത്. ഇതോടെ നാല് സ്ത്രീകളും മോഷ്ടിച്ച വസ്തുക്കളുമായി ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം നാടോടി സ്ത്രീകൾ മണലൂർ, കാരമുക്ക് മേഖലയിലെ നിരവധി വീടുകളിൽ മോഷണം നടത്തിയിരുന്നു.