
കൊയിലാണ്ടി: സ്വകാര്യ മൊബൈൽ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ചേലിയ മലയിൽ വിജിഷയുടെ മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. ആർ. ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
2021 ഡിസംബർ 11 നാണ് വിജിഷ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചത്. ഓൺ ലൈൻ തട്ടിപ്പിനിരയായതാണ് വിജിഷയുടെ മരണ കാരണമെന്നാണ് ബന്ധുക്കളടക്കം പറയുന്നുത്. വിജിഷയുടെ ലാപ്പ്ടോപ്പും ഫോണും പരിശോധിക്കാൻ സൈബർ സെല്ലിനെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഇത് കൂടി പരിശോധിച്ചാലെ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.വിജിഷയുടെ ബാങ്ക് എക്കൗണ്ടിൽ നിന്ന് 88 ലക്ഷത്തിന്റെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പാസ്ബുക്കുകൾ നശിപ്പിച്ചതായും കരുതുന്നു. വിവാഹത്തിനായി സ്വരൂപിച്ച 35 പവൻ ആഭരണങ്ങൾ വില്ക്കുകയും ചെയ്തിട്ടുണ്ട്. മരണം നടന്ന് രണ്ട് മാസമായിട്ടും കേസന്വേഷണം മുന്നോട്ട് പോവാൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും കേസ്
ക്രൈം ബ്രാഞ്ചിനെ ഏല്പിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.