
ശ്രീകണ്ഠപുരം: ഇളയ മകൾക്ക് സ്വത്ത് നൽകിയ വിരോധത്തിന് അമ്മയെ തട്ടിക്കൊണ്ടുപോയി മനോരോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. രണ്ട് പെൺമക്കൾക്കും മകന്റെ ഭാര്യക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏരുവേശി വലിയരീക്കാമലയിലെ താഴത്തുവീട്ടിൽ കുര്യനെയാണ് (54) കുടിയാന്മല സി.ഐ മെൽബിൻ ജോസ്, എസ്.ഐ നിബിൻ ജോയ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുര്യന്റെ അമ്മ ഏലിയാമ്മയെ തട്ടിക്കൊണ്ടുപോയി മനോരോഗിയാക്കി ചിത്രീകരിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഏലിയാമ്മയ്ക്ക് നാല് പെൺമക്കളും കുര്യനും ഉൾപ്പെടെ
അഞ്ച് മക്കളാണുള്ളത്. ഇവരുടെ ഇളയമകളുടെ വിവാഹത്തിനായി ഏലിയാമ്മ തന്റെ സ്വത്തിൽ കുറച്ചുഭാഗം വിറ്റ് പണം നൽകാൻ തീരുമാനിച്ചിരുന്നു. സ്വത്ത് വിൽപ്പന നടന്നതോടെ കുര്യനും രണ്ട് പെൺമക്കളും അതിനെതിരെ രംഗത്തുവന്നു.
ഇവരുടെ നീക്കത്തിനെതിരെ അഭിഭാഷകയായ മറ്റൊരു മകളും ഇളയമകളും അമ്മക്കൊപ്പം നിലയുറപ്പിച്ചു. മകളുടെ വിവാഹം കഴിഞ്ഞതോടെ സ്വത്ത് വില്പന റദ്ദാക്കണമെന്ന വാദവുമായി കുര്യനും മറ്റും രംഗത്തുവന്നു. ഈ ആവശ്യം മാതാവ് തള്ളിക്കളയുകയായിരുന്നു. ഇതിൽ പ്രകോപിതനായ കുര്യൻ മറ്റുള്ളവരുടെ സഹായത്തോടെ കഴിഞ്ഞ ദിവസം ഏലിയാമ്മയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കണ്ണൂരിലേക്ക് കൊണ്ടുപോയി. മനോരോഗ ചികിത്സാ സംവിധാനം കൂടിയുള്ള കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ഏലിയാമ്മയെ കൊണ്ടുപോയത്. അവിടെ മനോരോഗിയാണെന്ന് പറഞ്ഞ് അഡ്മിറ്റ് ചെയ്യാനായിരുന്നു പദ്ധതി.
വിവരമറിഞ്ഞ് അഭിഭാഷകയും വിവാഹിതയാവാൻ തീരുമാനിച്ച മകളും കുടിയാന്മല പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി ഏലിയാമ്മയെ മോചിപ്പിച്ചു. ഇവരുടെ മറ്റ് മക്കളായ സലോമി കല്ലോടി, സീജ ചന്ദനക്കാംപാറ, കുര്യന്റെ ഭാര്യ മോളി കുര്യൻ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഏലിയാമ്മക്ക് മനോരോഗമുണ്ടെന്ന് ചിത്രീകരിച്ച് വ്യാജമായി ആശുപത്രി രേഖയുണ്ടാക്കാനും അത് ഹാജരാക്കി വില്പന നടത്തിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യിക്കുകയായിരുന്നു കുര്യന്റെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.