mvd

ആലപ്പുഴ: അലക്ഷ്യമായും മദ്യപിച്ചും വാഹനം ഓടിച്ചാൽ പരിശോധന സ്ഥലത്ത് വെച്ച് തന്നെ ലൈസൻസ് റദ്ദാക്കാനുള്ള മോട്ടോർവാഹന വകുപ്പിന്റെ പുതിയ തീരുമാനം മാർച്ചു ഒന്നുമുതൽ നടപ്പിൽ വരും. റോഡപകടങ്ങൾ കുറക്കുന്നതിനായി പരിശോധനാ ചുമതലയുള്ള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന് കൂടുതൽ അധികാരം നൽകി.

അപകടത്തിൽപ്പെടുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള അധികാരം എൻഫോഴ്സ്‌മെന്റ് എംവി.ഐമാർക്ക് നൽകും. നിലവിൽ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒമാർക്കും ജോയിന്റ് ആർ.ടി.ഒമാർക്കുമേ ഇത്തരം അധികാരങ്ങളുള്ളൂ. അപകട സ്ഥലത്തെ പ്രാഥമിക വിവരം പൊലീസുമായി പങ്കുവയ്ക്കുന്നതിനും പരിശോധിക്കുന്നതിനും ഉള്ള അധികാരം ഇപ്പോൾ ആർ.ടി.ഒ ഓഫിസിന്റെ ചുമതലയുളള ആർ.ടി.ഒയ്ക്കും ജോയിന്റ് ആർ.ടി.ഒമാർക്കും മാത്രമാണ്. ഇത് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന് നൽകുന്നതിലൂടെ കേസ് അന്വേഷിക്കുന്ന പൊലീസിനും വേഗത്തിൽ നടപടിക്രമം പൂർത്തികരിക്കാനാകും.

രേഖകൾ സോഫ്ട്‌വെയറിൽ

വാഹനാപകടം നടന്ന ഓഫീസുമായി ബന്ധപ്പെട്ട രേഖകൾ ഐ.ആർ.എ.ഡി സോഫ്റ്റ് വെയറിൽ നിന്ന് ലഭിക്കും. ഓൺലൈനിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് വൂണ്ട് സർട്ടിഫിക്കറ്റ്, അപകടസ്ഥലത്തെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ, വാഹന പരിശോധന സർട്ടിഫിക്കറ്റ് എല്ലാം വേഗത്തിൽ ലഭ്യമാക്കാൻ കഴിയും.

ലൈസൻസ് റദ്ദാക്കലിനുള്ള കുറ്റം

1.മനപ്പൂർവ്വമല്ലാത്ത നരഹത്യ

2.അസ്ഥിക്ക് ഒടിയൽ

3,അലക്ഷ്യമായും ഉദാസീനവുമായി വാഹനം ഓടിക്കൽ

4.മദ്യപിച്ച് വാഹനം ഓടിക്കൽ