
ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ലീഗിലെ ആദ്യ വിജയം രേഖപ്പെടുത്തി. സ്‌കോര്‍: 15-12, 15-11, 14-15, 12-15, 15-10. ബുധനാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിന്ന് കൊച്ചി രണ്ട് പൊയിന്റ് നേടി. തകര്‍പ്പന്‍ സ്‌പൈക്കുകളുമായി കളം നിറഞ്ഞ് കളിച്ച ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ കോഡി കാള്‍ഡ്‌വെല്‍ കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
എറിന്‍ വര്‍ഗീസും കോഡി കാള്‍ഡ്‌വെല്ലും ചേര്‍ന്ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ സെറ്റില്‍ 7-2ന് കൊച്ചി മുന്നിലെത്തിയെങ്കിലും ബ്ലിറ്റ്‌സ് തിരിച്ചടിച്ച് സ്‌കോര്‍ 9-9ന് സമനിലയിലാക്കി. നിര്‍ണായകമായ ഒരു സൂപ്പര്‍ പൊയിന്റിലൂടെ ചെന്നൈ 11-10ന്റെ ലീഡ് നേടി. എന്നാല്‍ ബ്ലിറ്റ്‌സിന്റെ ബ്ലോക്കുകളിലെ പിഴവ് മുതലെടുത്ത കൊച്ചി, 15-12ന് ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റില്‍ 5-1ന് ലീഡെടുത്ത കൊച്ചി കോഡി കാള്‍ഡ്‌വെലിന്റെ അസാമാന്യ സ്‌പൈക്കുകളിലൂടെ ലീഡ് ഉയര്‍ത്തി കൊണ്ടിരുന്നു. 12-6ന് മുന്നിലെത്തിയ കൊച്ചിക്കു വേണ്ടി നായകന്‍ കാര്‍ത്തിക് പ്രതിരോധത്തിൽ മികച്ച പ്രതിരോധം തീർത്തു. എറിന്‍ വര്‍ഗീസിന്റെ സ്‌പൈക്കിലൂടെ 15-11ന് രണ്ടാം സെറ്റും കൊച്ചി സ്വന്തമാക്കി.
മൂന്നാം സെറ്റില്‍ ചെന്നൈ ബ്ലിറ്റ്‌സ് 8-6ന് ലീഡ് നേടി. ജോബിന്‍ വര്‍ഗീസിന്റെയും ഗോണ്‍സാലസിന്റെയും മികവ് അവരെ 13-12ന് ലീഡ് നേടാന്‍ സഹായിച്ചു. ഇതിനിടെ കോഡി കാള്‍ഡ്‌വെല്‍ മികച്ച സ്‌പൈക്ക് സൃഷ്ടിച്ച് 14-14ന് കൊച്ചിയെ ഒപ്പമെത്തിച്ചു. പിന്നാലെ കൊച്ചിക്ക് സര്‍വ് നഷ്ടപ്പെട്ടത്തോടെ ബ്ലിറ്റ്‌സ് 15-14ന് മൂന്നാം സെറ്റ് സ്വന്തമാക്കി.
ദീപേഷ് കുമാര്‍ സിന്‍ഹയുടെ തകര്‍പ്പന്‍ ബ്ലോക്കുകള്‍ നാലാം സെറ്റില്‍ 7-5ന് കൊച്ചിക്ക് മുന്നേറ്റം നല്‍കി. ഇരുടീമുകളുടെയും വാശിയേറിയ പോരാട്ടം സ്‌കോര്‍ 9-9ലെത്തിച്ചു. ഗോണ്‍സാലസിന്റെ മികച്ച സ്‌പൈക്ക് ചെന്നൈക്ക് സൂപ്പര്‍ പൊയിന്റ് സമ്മാനിച്ചു, ടീം 13-9ന് ലീഡെടുത്തു. നിമിഷങ്ങള്‍ക്കകം 15-12ന് ചെന്നൈ നാലാം സെറ്റും അക്കൗണ്ടിലാക്കി. കാള്‍ഡ്‌വെലിന്റെ മികവുറ്റ പ്രകടനത്തിലൂടെ അഞ്ചാം സെറ്റില്‍ 6-3ന് കൊച്ചി മുന്നിലെത്തി. അബ്ദുല്‍ റഹീം, എറിന്‍ വര്‍ഗീസ് എന്നിവരുടെയും മികവില്‍ 15-10ന് സെറ്റ് നേടിയ കൊച്ചി ടീം വിജയം ഉറപ്പിച്ചു.
ലീഗിലെ കൊച്ചിയുടെ ആദ്യ വിജയമാണിത്.