
കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി- 20 ക്രിക്കറ്റ് പരമ്പരയിലും ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 7 പന്ത് ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (162/4). വെടിക്കെട്ട് ബാറ്റിംഗുമായി തകർപ്പൻ തുടക്കം നൽകിയ രോഹിത് ശർമ്മയും (19 പന്തിൽ 40,4 ഫോറും 3 സിക്സും) അവസാനം തകർപ്പൻ ഫിനിഷിംഗുമായി സൂര്യകുമാർ യാദവവും (പുറത്താകാതെ 18 പന്തിൽ 34, 5ഫോർ1 സിക്സ്), വെങ്കിടേഷ് അയ്യരുമാണ് (പുത്താകാതെ 13 പന്തിൽ 24, 2 ഫോർ,1 സിക്സ്) ഇന്ത്യൻ വിജയത്തിൽ ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകിയത്. ഇഷാൻ കിഷനും (42 പന്തിൽ35) തിളങ്ങി.തന്റെ റോൾ ഭംഗിയാക്കി. വിൻഡീസിനായി ചേസ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിരയിൽ 43 പന്ത് നേരിട്ട് 63 റൺസെടുത്ത നിക്കോളാസ് പൂരനാണ് ടോപ് സ്കോററായത്. 4 ഫോറും 5 സിക്സും പൂരൻ നേടി. കെയ്ൽ മേയേഴ്സ് (31) ക്യാപ്ടൻ കീറോൺ പൊള്ളാഡ് (പുറത്താകാതെ 24) എന്നിവരും ഭദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യൻ ജേഴ്സിയിൽ തന്റെ കന്നി മത്സരത്തിനിറങ്ങിയ രവി ബിഷ്ണോയി 4 ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കി. ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീഴ്ത്തി. വിൻഡീസ് ഇന്നിംഗ്സിലെ ആദ്യ ഓവറിലെ അവസാന പന്തിൽ ഓപ്പണർ കിംഗിനെ (4) സൂര്യകുമാർ യാദവിന്റെ കൈയിൽ എത്തിച്ച് ഭുവനേശ്വർ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. പിന്നീട് മേയേഴ്സും പൂരനും അല്പ നേരം പിടിച്ചു നിന്നെങ്കിലും ടീം സ്കോർ 51ൽ വച്ച് മേയേഴ്സിനെ എൽബിയാക്കി ചഹാൽ കൂട്ടുകെട്ട് പൊളിച്ചു. 11-ാം ഓവറിൽ റോസ്റ്റൺ ചേസിനേയും റോവ് മാൻ പവലിനെ പുറത്താക്കി ബിഷ്ണോയി ഇന്ത്യയ്ക്ക് മേൽക്കൈ നൽകുകയായിരുന്നു.