
കൊൽക്കത്ത: സാധാരണ ബൗളർമാരാണ് ബാറ്റർമാരെ പുറത്താക്കുന്നത്. എന്നാൽ ഒരു ബാറ്റർ ഫീൽഡറെ പുറത്താക്കിയാലോ? അതും ഒന്നല്ല, രണ്ട് പേരെ. കൊൽക്കത്തയിൽ നടന്ന ഇന്ത്യ - വെസ്റ്റിൻഡീസ് ആദ്യ ടി ട്വന്റി മത്സരത്തിലാണ് സംഭവം. പൊള്ളാർഡിന്റെ കനത്ത ഷോട്ടുകൾ തടയാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഫീൽഡർമാർക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത്. ഓൾറൗണ്ടർ വെങ്കിടേഷ് അയ്യറും ഫാസ്റ്റ് ബൗളർ ദീപക് ചാഹറിനുമാണ് പരിക്കേറ്റത്.
യുസ്‌വേന്ദ്ര ചഹൽ എറിഞ്ഞ പതിനേഴാം ഓവറിലാണ് ആദ്യ സംഭവം. ഈ ഓവറിന്റെ അഞ്ചാം പന്തിൽ ലോംഗ് ഓൺ ലക്ഷ്യമാക്കിയുള്ള പൊള്ളാർഡിന്റെ കനത്ത ഷോട്ട് ഒരു തവണ ബൗൺസ് ചെയ്തിട്ട് നേരെ പോയത് ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന വെങ്കിടേഷ് അയ്യറുടെ മുന്നിലേക്കാണ്. എന്നാൽ പന്ത് കൈപിടിയിലൊതുക്കാനുള്ള ശ്രമത്തിൽ അയ്യറുടെ കൈക്ക് പരിക്കേൽക്കുകയായിരുന്നു.
പത്തൊമ്പതാം ഓവറിലാണ് അടുത്ത സംഭവം. ഭുവനേശ്വർ കുമാർ എറിഞ്ഞ ആ ഓവറിന്റെ നാലാം പന്തിൽ സ്ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന ദീപക് ചാഹറിനാണ് അടുത്ത പ്രഹരം ലഭിച്ചത്. ചാഹർ പിടിച്ചില്ലായിരുന്നെങ്കിൽ ആ പന്ത് ഉറപ്പായും ബൗണ്ടറി കടക്കുമായിരുന്നു, കാരണം അത്രയേറെ ശക്തിയിലാണ് പൊള്ളാർഡിന്റെ ബാറ്റിൽ നിന്നും പന്ത് പാഞ്ഞത്. പരിക്കേറ്റ ദീപക് ചാഹറിന് ഗ്രൗണ്ട് വിടേണ്ടി വന്നു. ഇന്നിംഗ്സിന്റെ അവസാന ഓവർ എറിയേണ്ടിയിരുന്നത് ചാഹർ ആയിരുന്നു. എന്നാൽ ചാഹറിന് പരിക്കേറ്റതിനാൽ ഹർഷൽ പട്ടേലാണ് അവസാന ഓവർ എറിഞ്ഞത്. എന്നാൽ ആദ്യം പരിക്കേറ്റ അയ്യർ ഇന്ത്യയുടെ മറുപടി ബാറ്റിംഗിന് ക്രീസിൽ എത്തിയിരുന്നു.