indian-cricket

കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി ട്വന്റിയിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വെസ്റ്റിൻഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റണ്ണെടുത്ത വെസ്റ്റിൻഡീസ് ഉയ‌ർത്തിയ വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. സ്കോർ: വെസ്റ്റിൻഡീസ് 20 ഓവറിൽ 157 - 7; ഇന്ത്യ 18.5 ഓവറിൽ 162 - 4.

വിജയിക്കാൻ ഒരു റൺസ് മാത്രം ഉള്ളപ്പോൾ അല്ലൻ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ അഞ്ചാമത്തെ പന്ത് ഡീപ് മിഡ്‌വിക്കറ്റിന് മുകളിൽ കൂടി സിക്സറിന് പറത്തിയാണ് സൂര്യകുമാർ യാദവ് വിജയം ആഘോഷിച്ചത്.

.@surya_14kumar and Venkatesh Iyer take #TeamIndia home with a 6-wicket win in the 1st T20I.

Scorecard - https://t.co/dSGcIkX1sx #INDvWI @Paytm pic.twitter.com/jfrJo0fsR3

— BCCI (@BCCI) February 16, 2022

സാമാന്യം ഭേദപ്പെട്ട ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശ‌ർമ്മയും ഇഷാൻ കിഷനും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ 64 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യയുടെ ഓപ്പണിംഗ് ജോടി എട്ടാം ഓവറിൽ ചേസിന്റെ പന്തിൽ സ്മിത്ത് പിടികൂടി രോഹിത് പുറത്തായതോടെയാണ് പിരിഞ്ഞത്. അധികം വൈകാതെ 35 റണ്ണെടുത്ത ഇഷാൻ കിഷനും പിന്നാലെ വന്ന വിരാട് കൊഹ്ലിയും റിഷഭ് പന്തും പുറത്തായതോടെ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 114 എന്ന് അവസ്ഥയിലായി. അവിടെ നിന്ന് ആക്രമണ ശൈലിയിൽ ബാറ്റ് ചെയ്ത സൂര്യകുമാർ യാദവും വെങ്കിടേഷ് അയ്യറും ചേ‌ർന്നാണ് ഇന്ത്യയെ വിജയതീരമണിയിച്ചത്. സൂര്യകുമാ‌ർ യാദവ് 18 പന്തിൽ 35 റണ്ണും വെങ്കിടേഷ് അയ്യർ 13 പന്തിൽ 24 റണ്ണും നേടി.

നേരത്തെ നിക്കോളാസ് പൂരാന്റെയും കീറോൺ പൊള്ളാർഡിന്റെയും അവസാന ഓവറുകളിലെ ബാറ്റിംഗ് മികവിലാണ് വെസ്റ്റിൻഡീസ് ഭേദപ്പെട്ട റൺസ് അടിച്ചെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റിൻഡീസിന് ആദ്യ ഓവറിൽ തന്നെ ഓപ്പണറെ നഷ്ടമായി. നാല് റണ്ണെടുത്ത ഓപ്പണർ ബ്രാൻഡൻ കിംഗിനെ ഭുവനേശ്വർ കുമാറിന്റെ പന്തിൽ സൂര്യകുമാർ യാദവ് പിടിച്ച് പുറത്താക്കുകയായിരുന്നു. കൈൽ മെയേഴ്സും നിക്കോളാസ് പൂരാനും മൂന്നാം വിക്കറ്റിൽ കൂട്ടുകെട്ട് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും 31 റണ്ണെടുത്ത മെയേഴ്സിനെ ചഹൽ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ വെസ്റ്റിൻഡീസ് പരുങ്ങലിലായി.

തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്ന വെസ്റ്റിൻഡീസിനെ കരകയറ്റിയത് പൂരാനും പൊള്ളാർഡും നടത്തിയ ചെറുത്തുനിൽപ്പാണ്. എങ്കിലും ഇരുവരെയും കൂറ്റനടികളിൽ നിന്ന് അകറ്റിനിർത്താൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചത് മത്സരത്തിൽ നിർണായകമായി.

പൂരാൻ 43 പന്തിൽ 61 റണ്ണെടുത്തപ്പോൾ പൊള്ളാർഡ് 19 പന്തിൽ 24 റണ്ണെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കു വേണ്ടി രവി ബിഷ്ണോയിയും ഹർഷൽ പട്ടേലും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിപ്പോൾ ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, യുസ്‌വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.