
ന്യൂഡൽഹി: ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രമുഖ അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയ്ക്ക് മുന്നിൽ പുതിയ ഉപാധിയുമായി കേന്ദ്രം. ഇലക്‌ട്രിക് വാഹന നിർമ്മാണത്തിനായി ടെസ്‌ല പ്രതിവർഷം 50 കോടി ഡോളറിന്റെ (ഏകദേശം 3,800 കോടി രൂപ) ഇന്ത്യൻ നിർമ്മാണഘടകങ്ങൾ വാങ്ങണമെന്നാണ് പുതിയ നിർദേശം.
കഴിഞ്ഞ ഒരുവർഷത്തിലേറെയായി ടെസ്‌ല ഇന്ത്യയിൽ ഔദ്യോഗിക വില്പന ആരംഭിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, ഇതിന് ഇന്ത്യ ഈടാക്കുന്ന ഇറക്കുമതി തീരുവ വലിയ തടസമാണെന്നും തത്കാലത്തേക്കെങ്കിലും തീരുവ കുറയ്ക്കണമെന്നും ടെസ്‌ല ആവശ്യപ്പെട്ടിരുന്നു. തീരുവ കുറയ്ക്കണമെങ്കിൽ ടെസ്‌ല ഇന്ത്യയിൽ വാഹന നിർമ്മാണശാല തുറക്കണമെന്നാണ് കേന്ദ്രം ആദ്യം ആവശ്യപ്പെട്ടത്. നിലവിൽ അമേരിക്കയിലും ചൈനയിലുമാണ് ടെസ്‌ലയുടെ ഫാക്‌ടറികൾ.
എന്നാൽ, ഇന്ത്യയിൽ ആദ്യം ഇലക്‌ട്രിക് കാറുകൾ ഇറക്കുമതി ചെയ്ത് വിൽക്കാനാണ് ടെസ്‌ലയുടെ താത്പര്യം. വില്പന മെച്ചപ്പെടുന്ന മുറയ്ക്കേ ഫാക്‌ടറി തുറക്കുന്നത് ആലോചിക്കൂ. അതേസമയം, 10 കോടി ഡോളറിന്റെ (750 കോടി രൂപ) നിർമ്മാണഘടകങ്ങൾ ഇന്ത്യയിൽ നിന്ന് വാങ്ങിയതായി ടെസ്‌ല കഴിഞ്ഞ ആഗസ്‌റ്റിൽ വ്യക്തമാക്കിയിരുന്നു.
നികുതിയാണ് തടസം
40,000 ഡോളറിനുമേൽ (30 ലക്ഷം രൂപ) വിലയുള്ള കാറുകൾക്ക് ഇന്ത്യ 100 ശതമാനം ഇറക്കുമതിച്ചുങ്കം ഈടാക്കുന്നുണ്ട്. വില 40,000 ഡോളറിന് താഴെയെങ്കിൽ 60 ശതമാനം. ഇറക്കുമതിച്ചുങ്കം താത്കാലികമായെങ്കിലും 40 ശതമാനമാക്കണമെന്നാണ് ടെസ്‌ലയുടെ ആവശ്യം. നികുതി കുറയ്ക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
വിലയാണ് പ്രശ്‌നം
ഇന്ത്യയിൽ വില്പന ആരംഭിക്കുന്നത് മുന്നോടിയെന്നോണം ബംഗളൂരുവിൽ ടെസ്‌ല ഓഫീസ് തുറന്നിരുന്നു. ടെസ്‌ല മോഡൽ3യ്ക്ക് ഇന്ത്യൻ നിരത്തുകളിൽ ഓടാൻ അനുയോജ്യമാണെന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരവും കിട്ടിയിരുന്നു. ഉയർന്ന ഇറക്കുമതിതീരുവയാണ് ടെസ്‌ലയ്ക്ക് ഇന്ത്യയിലെത്താൻ തടസം. ടെസ്‌ലയുടെ കാറുകൾക്കെല്ലാം 30 ലക്ഷം രൂപയ്ക്കുമേലാണ് വില. ഇന്ത്യയിലെത്തുമ്പോൾ ഇത് 60 ലക്ഷം രൂപ കടക്കും.
1%
ഇന്ത്യയിലിപ്പോഴും പെട്രോൾ, ഡീസൽ കാറുകളാണ് നിരത്തുകൾ വാഴുന്നത്. വിറ്റഴിയുന്ന മൊത്തം വാഹനങ്ങളിൽ ഒരു ശതമാനത്തോളമേ ഇലക്‌ട്രിക് മോഡലുകളുള്ളൂ.