pradeep

നടൻ പ്രദീപ് കോട്ടയത്തിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന ' ആറാട്ട്' എന്ന സിനിമയിലെ മോഹൻലാൽ-പ്രദീപ് കോമ്പിനേഷൻ സീൻ രസകരമായിരുന്നെന്നും ചിത്രത്തിന്റെ വിശേഷങ്ങൾ ചോദിച്ച് രണ്ട് ദിവസം മുൻപ് അദ്ദേഹം തന്നെ വിളിച്ചിരുന്നെന്നും സംവിധായകൻ അനുസ്മരിച്ചു.

സിനിമയിൽ പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട് ' കഴിവുള്ള കലാകാരനായിരുന്നെന്ന്...അതെ, പ്രദീപും അങ്ങനെ തന്നെയായിരുന്നെന്ന് സംവിധായകൻ കുറിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രദീപിന്റെ അന്ത്യം. മോഹൻലാൽ, മമ്മൂട്ടി,പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി താരങ്ങൾ ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട്‌ ദിവസങ്ങൾക്ക്‌ മുമ്പും, "ആറാട്ടി"ന്റെ റിലിസ്‌ വിശേഷങ്ങൾ വിളിച്ച്‌ ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട്‌ പ്രമോഷനൽ വീഡിയോ അയച്ച്‌ തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത്‌ അതീവ ദുഖകരമായ ആ വാർത്തയാണ്‌. " നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി"ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്‌, " കഴിവുള്ള കലാകാരനായിരുന്നു"യെന്ന്. അതെ, പ്രദീപും അങ്ങനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. "ആറാട്ടി"ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ്‌ അസ്സോസിയേറ്റ്‌ ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ