ukraine

ഉന്നത വിദ്യാഭ്യാസ മേഖലയിൽ യൂറോപ്യൻ കൗൺസിൽ രാജ്യങ്ങളിൽ യുക്രെയിൻ ഏറെ മുന്നിലാണ്. റഷ്യയുടെ സൈന്യത്തെ പിൻവലിക്കാനുള്ള നീക്കം യുദ്ധഭീഷണി ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ വിദ്യർത്ഥികൾ. താത്കാലികമായി അവരോട് രാജ്യംവിടാൻ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്. രണ്ടായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രെയിൻ യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക കണക്കുകളിലിത് 1600 മാത്രമാണ്.

കുറഞ്ഞ ഫീസും ചെലവുകുറഞ്ഞ ജീവിതച്ചെലവുമാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ഇവിടം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. മെഡിക്കൽ കോഴ്‌സുകൾ പഠിക്കാനാണ് 70 ശതമാനത്തിലേറെ വിദ്യാർത്ഥികൾ യുക്രെയിൻ മെഡിക്കൽ സ്‌കൂളുകൾ തിരഞ്ഞെടുക്കുന്നത്. 41ഓളം മെഡിക്കൽ സ്‌കൂളുകൾ ഇവിടെയുണ്ട്. 120 വർഷം പഴക്കമുള്ള ഒഡേസ നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി, സുമി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റി, കാർകിവ് നാഷണൽ യൂണിവേഴ്‌സിറ്റി, നാഷണൽ ഏറോസ്‌പേസ് യൂണിവേഴ്‌സിറ്റി, സുമി നാഷണൽ അഗ്രേറിയാൻ യൂണിവേഴ്‌സിറ്റി, വിനീത്സ്യ പെറോഗോവ് നാഷണൽ യൂണിവേഴ്‌സിറ്റി എന്നിവ ഇവയിൽപ്പെടുന്നു.

പഠനത്തോടൊപ്പം യുക്രെയിൻ ഭാഷയും പഠിപ്പിക്കും. മെഡിക്കൽ ബിരുദം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ് പരീക്ഷ പാസാകണം. 2023 മുതൽ ദേശീയ മെഡിക്കൽ കമ്മിഷൻ, പഠിച്ചിറങ്ങുന്ന മെഡിക്കൽ ബിരുദധാരികൾക്കായി നാഷണൽ എക്‌സിറ്റ് പരീക്ഷ നടത്താനുള്ള തയ്യാറെടുപ്പിലാണ്. ആറു വർഷ മെഡിക്കൽ കോഴ്‌സിന് ചേരാൻ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് നീറ്റ് യോഗ്യത ആവശ്യമാണ്. മൊത്തം 30 ലക്ഷം രൂപയോളം മാത്രമേ ചെലവ് വരുന്നുള്ളൂ.

അടുത്തിടെ ഞാൻ യുക്രെയിൻ സന്ദർശിച്ചപ്പോൾ സുമി, ഒഡീസി, കാർകിവ്, കീവ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി മെഡിക്കൽ സ്‌കൂളുകൾ സന്ദർശിച്ചിരുന്നു. ഇന്ത്യൻ വിദ്യാർത്ഥികളിൽ 60 ശതമാനത്തിലേറെയും കേരളത്തിൽ നിന്നാണ്. ഡെന്റൽ, എൻജിനിയറിംഗ്, മാനേജ്മെന്റ്, വെറ്ററിനറി സയൻസ്, അഗ്രിക്കൾച്ചർ, ടെക്‌നോളജി കോഴ്‌സുകൾക്ക് പഠിക്കുന്നവരിൽ 40ഓളം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ഇന്ത്യക്കാരും ഏറെയുണ്ട്. എയർ ക്രാഫ്റ്റ് എൻജിനിയറിംഗിന് യുക്രെയിൻ മികച്ച രാജ്യമാണ്. ബിരുദാനന്തര പഠനത്തിനും വിദ്യാർത്ഥികൾ യുക്രെയിൻ യൂണിവേഴ്‌സിറ്റികളിലെത്തുന്നു. ഹോസ്റ്റൽ സൗകര്യം, ഇന്ത്യൻ മെസ് എന്നിവ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്. കേരള ഭക്ഷണം ലഭിക്കുന്ന ഹോസ്റ്റലും യുക്രെയിനിലെ സുമി യൂണിവേഴ്‌സിറ്റിയിലുണ്ട്.

ടൂറിസം, പ്രകൃതിഭംഗി എന്നിവയിലും കീർത്തികേട്ട രാജ്യമാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ 1991ലാണ് യുക്രെയിൻ സ്വതന്ത്ര രാജ്യമായത്. ധാന്യ കയറ്റുമതിയിൽ മുന്നിട്ടു നിൽക്കുന്ന യുക്രെയിൻ യൂറോപ്പിലെ 'ബ്രെഡ് ബാസ്‌കറ്റ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. യുക്രെയിനിൽ നിന്ന് ആന്റൊണോവ് വിമാനങ്ങളും, ക്രാസ് ട്രക്കുകളും കയറ്റുമതി ചെയ്യുന്നുണ്ട്. കാർഷിക, മൃഗസംരക്ഷണ, ഭക്ഷ്യ സംസ്‌കരണ മേഖലയിൽ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നു. സോയാബീൻ എണ്ണ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മുൻനിരയിലാണ്. തിരക്കേറിയ തെരുവുകൾ യുക്രെയിൻ നഗരങ്ങളുടെ പ്രത്യേകതയാണ്. ഹോട്ടലുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. മാംസാഹാരമാണ് മുഖ്യം.