
മുംബയ് : ബോളിവുഡിൽ ഡിസ്കോ സംഗീതം അവതരിപ്പിച്ച് ആസ്വാദക ഹൃദയം കീഴടക്കിയ സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി ( 69 ) വിടവാങ്ങിയത് സംഗീതലോകം ഞെട്ടലോടെയാണ് കേട്ടത്. പലവിധ രോഗങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയ (ഒ എസ് എ) എന്ന രോഗാവസ്ഥയാണ് മരണത്തിന് പിന്നിലെ പ്രധാന കാരണമായി ഡോക്ടർമാർ വ്യക്തമാക്കിയത്. ഒ എസ് എ എന്ന ഉറക്കത്തിൽ ജീവനെടുക്കുന്ന ഭീകരനെ തിരിച്ചറിയാം.
എന്താണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയ?
ഒ എസ് എ ഉറക്കവുമായി ബന്ധപ്പെട്ട് സാധാരണയായി കാണപ്പെടുന്നതും എന്നാൽ ഗുരുതരവുമായ ശ്വസന വൈകല്യമാണ്. അത് ശിശുക്കളെ ഉൾപ്പടെ ബാധിക്കുമെങ്കിലും 50 വയസിന് മുകളിലുള്ളവരിലാണ് കൂടുതലായും കാണപ്പെടുന്നത്. അമിതവണ്ണമുള്ളവരെ ഈ രോഗം പെട്ടെന്ന് കീഴടക്കുന്നു. ഉറക്കത്തിനിടെ ഒരു വ്യക്തിയുടെ ശ്വാസ്വോച്ഛ്വാസം തടസപ്പെടുമ്പോൾ സംഭവിക്കുന്ന ഗുരുതരമായ തകരാറാണ് ഒ എസ് എ.
ലക്ഷണങ്ങൾ
അമിതമായ കൂർക്കംവലി, രാവിലെയുള്ള തലവേദന,പകലുറക്കം, ക്ഷീണം, ഉണരുമ്പോൾ തൊണ്ട വരണ്ടിരിക്കുക, ഉറക്കത്തിനിടയിൽ ശ്വാസംമുട്ട്അനുഭവപ്പെട്ട് ചാടിയെഴുന്നേൽക്കുക, മൂഡ് സ്വിംഗ്സ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചികിത്സിക്കാതിരുന്നാൽ ഒ എസ് എ ഹൃദ്രോഗം, ഹൈപ്പർ ടെൻഷൻ, ഡയബറ്റിസ്, സ്ട്രോക്ക്, കാർഡിയോമയോപതി, ഹൃദയസ്തംഭനം എന്നിവയ്ക്ക് കാരണമാകുന്നു.
ഉറങ്ങുന്നതിനിടെ ശ്വാസപാതയിൽ തുടർച്ചയായി തടസം വരുന്നതാണ് ഒ എസ് എയ്ക്ക് കാരണമാവുന്നത്. തൊണ്ടയിലെ മൃദുവായ സംയുക്തകോശങ്ങളെ പിന്താങ്ങുന്ന നാക്ക്, സോഫ്റ്റ് പാലറ്റ് എന്നിവ വിശ്രമാവസ്ഥയിൽ എത്തുമ്പോഴാണ് ഒ എസ് എ ഓ എന്ന തകരാർ സംഭവിക്കുന്നത്. സൗമ്യവും മിതമായതും കഠിനവുമായ രീതിയിൽ ഈ തകരാർ സംഭവിക്കാറുണ്ട്.. കഠിനമായ തടസ്സങ്ങളിൽ ചില ശരീരാവയവങ്ങളിലേക്ക് ഓക്സിജൻ വിതരണം ചെയ്യപ്പെടാതിരിക്കുകയും താത്കാലികമായി ശ്വസനം നിന്നുപോകുന്ന അപ്‌നിയ എന്ന അവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.
ചികിത്സ രീതികൾ
അമിതവണ്ണമുള്ളവരിൽ കൂടുതലായും കാണപ്പെടുന്നതിനാൽ ശരീരഭാരം കുറയ്ക്കുക എന്നത് വളരെ പ്രധാനമായ ചികിത്സാമാർഗമാണ്. എയർവേ പ്രഷർ തെറാപ്പിയും രോഗം ഗുരുതരമാവുന്നവരിൽ ശസ്ത്രക്രിയയും ചെയ്യാറുണ്ട്. പതിവായുള്ള വ്യായാമം, മദ്യപാനം ഒഴിവാക്കുക, അമിതമായ ഉറക്ക ഗുളികളുടെ ഉപയോഗം ഒഴിവാക്കുക എന്നിവയൊക്കെ ഒ എസ് എയ്ക്ക് ഫലപ്രദമാണ്.